ആലുവ: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ കഴിഞ്ഞദിവസം നടന്ന പ്രത്യേക പരിശോധനയിൽ 61 പേരെ അറസ്റ്റുചെയ്തു. ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തുന്നവർ, മയക്കുമരുന്ന് മാഫിയ, ഒളിവിൽ കഴിയുന്ന കുറ്റവാളികൾ എന്നിവരെ കണ്ടെത്തി പിടികൂടുക എന്ന ലക്ഷ്യത്തോടെ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മുൻകാല കുറ്റകൃത്യങ്ങൾ നടത്തിയവരുടെ വീടുകൾ, വാറണ്ട് പ്രതികളുടെ വീടുകൾ, അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, വാഹനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി. റൂറൽ ജില്ലയിൽ ഗുണ്ടാനിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിന് ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.