കൊച്ചി: കാക്കനാട് തെരുവുനായ്‌ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയ കേസിൽ മുൻകൂർ ജാമ്യം തേടി തൃക്കാക്കര നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ വൈക്കം വടയാർ സ്വദേശി എ.എം. സജികുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ അഞ്ചാം പ്രതിയാണ് ഹർജിക്കാരൻ. തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ, നഗരസഭാ സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തെരുവു നായ്‌ക്കളെ കൊല്ലാൻ തീരുമാനിച്ചതെന്നും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ഇത്തരമൊരു തീരുമാനം എടുക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു. ഒരു വർഷം കൊണ്ട് 100 തെരുവുനായ്‌ക്കളെ വിഷം കുത്തിവെച്ചു കൊന്ന് മാലിന്യം നിക്ഷേപിക്കുന്ന യാർഡിൽ കുഴിച്ചു മൂടിയെന്നാണ് കേസ്. ഇതിനായി കോഴിക്കോട് നിന്നുള്ള നാലുപേരെയാണ് ചുമതലപ്പെടുത്തയിത്. ആളുകളെ ഏർപ്പാടാക്കിയതുൾപ്പെടെ നഗരസഭാ അധികൃതരാണ്. നായ്ക്കളെ കൊല്ലാൻ എത്തിയവർക്ക് താമസ സ്ഥലം ഒരുക്കിയത് നഗരസഭാ സെക്രട്ടറിയായണെന്നും ഹർജിയിൽ പറയുന്നു. താനാണ് ചുമതലപ്പെടുത്തിയതെന്ന് നായ്ക്കളെ കൊല്ലാൻ എത്തിയവർ പറയുന്നത് നഗരസഭാ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാനാണെന്നും ഹർജിക്കാരൻ പറയുന്നു.