kalam
വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കലാംസ്‌മൃതിയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു

കൊച്ചി: മനുഷ്യരാശിക്ക് മുഴുവൻ എക്കാലത്തും മാതൃകയായ ജീവിതമാണ് മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റേതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ലളിതമായ ജീവിതശൈലിയും ഉന്നതമായ ചിന്തകളും കർമ്മനിരതയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം വിദ്യാർത്ഥിസമൂഹം പാഠമാക്കണം. ഡോ. കലാമിന്റെ ചരമദിനത്തിൽ വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കലാംസ്‌മൃതിയുടെ ഉദ്ഘാടനം നിർവഹിച്ച് അനുസ്‌മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഡോ. കലാമിന്റെ സഹയാത്രികനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനും വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ജി. മാധവൻനായർ കലാമുമൊത്തുള്ള അനുഭവങ്ങൾ പങ്കുവച്ചു. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) ചെയർമാൻ ഡോ. അനിൽ ഡി. സഹസ്രബുദ്ധേ മുഖ്യപ്രഭാഷണം നടത്തി.

ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. ഇന്ദിര രാജൻ ആമുഖപ്രഭാഷണം നടത്തി. ഡോ. കലാമിന്റെ ദർശനങ്ങളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ കണ്ടെത്തിയ പ്രശ്നങ്ങളും അവയ്ക്ക് പരിഹാരമാർഗങ്ങളും അക്ഷരജ്യോതി ഐഡിയേറ്റ് മത്സരത്തിലെ വിജയികൾ അവതരിപ്പിച്ചു. ഓൺലൈനിൽ നടന്ന ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 3,500 വിദ്യാർത്ഥികളും വിദ്യാഭ്യാസ വിദഗ്ദ്ധരും പങ്കെടുത്തതായി ഫൗണ്ടേഷൻ ഡയറക്ടർ സുചിത്ര ഷൈജിന്ത് അറിയിച്ചു. 2011 ൽ ഡോ. കലാം തുടക്കം കുറിച്ചതാണ് കൊച്ചി ആസ്ഥാനമായ വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ.