പ്രതിയുമായി പൂതൃക്കയിൽ തെളിവെടുപ്പ്
കോലഞ്ചേരി: പൂതൃക്കയിൽ സിമന്റ് ടൈൽ നിർമ്മിക്കുന്ന സ്ഥാപനത്തിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി മണലിൽ കുഴിച്ചിട്ട കേസിലെ പ്രതി പശ്ചിമ ബംഗാൾ സ്വദേശി ദിപൻ കുമാർ ദാസി (26)നെ ചെന്നൈ കോയമ്പേട് നിന്ന് പുത്തൻകുരിശ് പൊലീസ് സംഘം പിടികൂടി. സംഭവത്തിന് ശേഷം നാടുവിട്ട ഇയാൾ ബസ് മാർഗം ചെന്നൈയിൽ എത്തി ഹൈദരാബാദ് വഴി ബംഗാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ചൊവ്വാഴ്ച വൈകിട്ട് പിടിയിലായത്. ഇന്നലെ പൂതൃക്കയിലെത്തിച്ച് കൊല നടത്തിയ കമ്പനിയിലും മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും തെളിവെടുപ്പ് പൂർത്തിയാക്കി. ഉറങ്ങിക്കിടക്കുമ്പോൾ മൺവെട്ടി കൊണ്ട് തലയ്ക്ക് പിന്നിൽ അടിച്ചാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
നാളുകൾക്കു മുമ്പേ പദ്ധതി തയ്യാറാക്കി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്ന് ദിപൻ പൊലീസിനു മൊഴി നൽകി. രണ്ടു മാസം മുമ്പാണ് കൊല്ലപ്പെട്ട രാജദാസ് പൂതൃക്കയിലെ കമ്പനിയിലെത്തിയത്. അസാം സ്വദേശിയായ രാജയും ബംഗാളിയായ ദിപനും ഭാഷയുടെയും സംസ്കാരത്തിന്റെയും പേരിൽ പലപ്പോഴും വഴക്കടിക്കാറുണ്ടായിരുന്നു. മറ്റൊരു കമ്പനിയിൽ നിന്ന് ജോലിമാറിയാണ് രാജ എത്തിയത്. രാജയുടെ കൈവശം ധാരാളം പണമുണ്ടെന്ന വിശ്വാസത്തിലായിരുന്നു ദിപൻ. എന്നാൽ രാജയുടെ കൈവശം കാര്യമായി പണമുണ്ടായിരുന്നില്ല. രാജ ബാഗിൽ സൂക്ഷിച്ചിരുന്ന പണവും എടുത്താണ് ദിപൻ കടന്നത്.
കൊല നടത്തിയ ശേഷം രാവിലെ കുളിച്ച് ശരീരത്തിലെ ചോരക്കറകൾ മാറ്റി കോലഞ്ചേരിയിലെത്തി അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ എറണാകുളത്തെത്തി. തുടർന്ന് ആലുവയിലെത്തി ബസിൽ കുമളി വഴി കമ്പം, തേനി കടന്ന് ചെന്നൈയിലെത്തി.
ചെന്നൈയിൽ ബസ് ടിക്കറ്റെടുത്ത് ഹൈദരാബാദിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസ് നടത്തിയ ചടുലമായ നീക്കങ്ങളാണ് 24 മണിക്കൂറിനകം പ്രതിയെ കുടുക്കാൻ സഹായിച്ചത്.
റൂറൽ എസ്.പി കെ. കാർത്തികിന്റെ മേൽനോട്ടത്തിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയനാഥ്, ഇൻസ്പെക്ടർമാരായ സൈജു കെ.പോൾ, മഞ്ജുനാഥ്, സബ് ഇൻസ്പെക്ടർ എസ്.ആർ. സനീഷ്, യോഹന്നാൻ, രാഹുൽവാസു, വിഷ്ണുപ്രസാദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുടുക്കിയത് പുതിയ സിംകാർഡ്
കൊലപാതകത്തിന് പദ്ധതി തയ്യാറാക്കുമ്പോൾ തന്നെ രാജയുമായി പുറമെ സൗഹൃദം നിലനിർത്താൻ ദിപൻ ശ്രദ്ധിച്ചിരുന്നു. സംഭവദിവസം പകൽ കമ്പനിയുടമയുടെ വീട്ടിൽ ചെടി വെട്ടിക്കൊടുത്തത് ഇരുവരും ചേർന്നായിരുന്നു. കൊലയ്ക്കു ശേഷം സ്ഥിരം ഫോൺ ഉപേക്ഷിച്ച് രക്ഷപ്പെടാനായി ആഴ്ചകൾക്കു മുമ്പ് മറ്റൊരു സിം ദിപൻ എടുത്തിരുന്നു. ഈ നമ്പർ ആർക്കും നൽകിയിരുന്നില്ല. ഈ സിം പിന്തുടർന്നാണ് പൊലീസ് പ്രതിയെ കുടുക്കിയത്.