ae-aluva
കാനശുചീകരണത്തിന് നടപടിയെടുക്കാത്തതിനെതിരെ കൗൺസിലറും റെസിഡൻസ് അസേസിയേഷൻ ഭാരവാഹികളും മുനിസിപ്പൽ അസി. എൻജിനിയറെ ഉപരോധിക്കുന്നു

#കാന ശുചീകരിക്കാത്തതിനെതിരെ മുനി. എൻജിനിയറെ ഉപരോധിച്ചു

ആലുവ: പ്രതിപക്ഷത്ത് നിന്നുള്ള നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ വാർഡിനോട് ഭരണപക്ഷത്തിന് കട്ടക്കലിപ്പെന്ന് ആരോപണം.ജനറൽ വാർഡിൽനിന്ന് രണ്ടാംവട്ടവും കൗൺസിലിൽ എത്തുകയും പ്രതിപക്ഷത്തുനിന്നുള്ള ഏക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ മിനി ബൈജുവിനോടാണ് നഗരസഭയുടെ അവഗണന. വാർഡിലെ മഴക്കാലപൂർവ ശുചീകരണമാണ് നഗരസഭാ നഗരസഭ ചെയർമാനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ചേർന്ന് തടഞ്ഞിരിക്കുന്നതെന്നാണ് മിനി ബൈജു പറയുന്നത്. ഇതിനകം നാലുവട്ടം സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. കൗൺസിലിൽ വിഷയം ഉന്നയിച്ചപ്പോൾ പരിഹരിക്കാമെന്ന് ചെയർമാൻ ഉറപ്പ് നൽകിയെങ്കിലും വെറുതെയായി.

 ഡെങ്കി റിപ്പോർട്ടുചെയ്തിട്ടും നടപടിയില്ല

പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ റോഡിലേക്ക് ആദ്യം വെള്ളമെത്തുന്നത് ഈ കാനയിലൂടെയാണ്. മാത്രമല്ല, നാല് വാർഡുകളിൽ നിന്നുള്ള മലിനജലം പെരിയാറിലേക്ക് ഒഴുകുന്നതും ഈ കാനയിലൂടെയാണ്. കാനയിൽ മാലിന്യങ്ങളും വള്ളിപ്പടർപ്പുകളുംകൂടി ഒഴുക്ക് നിലച്ചതോടെ കൊതുകുകളുടെ ആവാസകേന്ദ്രമായി. രണ്ടാഴ്ച മുമ്പ് വാർഡിൽ ഏഴ് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടും നഗരസഭ 12 -ാം വാർഡിലെ കാന ശുചീകരണത്തിന് തയ്യാറാകുന്നില്ല.

മറ്റ് വാർഡുകളിലെ താരതമ്യേന മാലിന്യങ്ങൾ കുറഞ്ഞ കാനകൾ ശുചീകരിക്കുമ്പോഴാണ് നഗരസഭയുടെ അവഗണനയെന്ന് മിനി ബൈജു ആരോപിക്കുന്നു. നഗരസഭയ്ക്ക് നൽകിയ കത്തുകൾ പ്രകാരം പദ്ധതി തയ്യാറാക്കുന്നതിന് ചെയർമാനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സമ്മതിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നും കൗൺസിലർ പറയുന്നു. കാന ശുചീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച അസി.എൻജിനിയർ റിപ്പോർട്ട് നൽകിയിട്ടും അനുകൂല നടപടിയുണ്ടായില്ല.

 അനിശ്ചിതകാല നിരാഹാരമെന്ന് കൗൺസിലർ

കാനശുചീകരണത്തിന് ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ചെയർമാന്റെ മുറിക്ക് മുമ്പിൽ അനിശ്ചിതകാല നിരാഹാരമാരംഭിക്കുമെന്ന് മിനി ബൈജു പറഞ്ഞു. സൂചന എന്ന നിലയിൽ ഇന്നലെ റെസിഡൻസ് അസേസിയേഷൻ ഭാരവാഹികൾ ചെയർമാനെ ഉപരോധിക്കാനെത്തിയെങ്കിലും സ്ഥലത്തില്ലാതിരുന്നതിനാൽ എ.ഇയെ ഉപരോധിച്ച് മടങ്ങി. അബൂബക്കർ പൂക്കോട്ടിൽ, മുഹിതീൻ, അബൂബക്കർ, അൻസാർ എന്നിവർ പങ്കെടുത്തു.