കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 17, 18 വാർഡുകളിലൂടെ കടന്ന് പോകുന്ന ഊരംകുഴി -ചെറുവട്ടൂർ പള്ളിപ്പടി റോഡ് നാളുകളേറെയായി തകർന്ന് കിടക്കാൻ തുടങ്ങിയിട്ടും തിരിഞ്ഞ് നോക്കാതെ അധികാരികൾ. കാൽനട യാത്ര പോലും സാധ്യമല്ലാത്ത നിലയിൽ റോഡ് തകർന്ന് ചെളിയും വെള്ളവും കെട്ടിക്കിടക്കുകയാണ്. നേരത്തെ പൊതുമരാമത്ത് വകുപ്പ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തിനാല് കോടിയോളം രൂപ വകയിരുത്തി നിർമാണം ആരംഭിച്ച പ്ലാമുടി - ഊരംകുഴി റോഡിന്റെ അവസാന ഭാഗം കൂടിയാണ് ഈ പ്രദേശം. എന്നാൽ പ്രസ്തുത പദ്ധതി നിർമാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പി.ഡബ്ല്യു.ഡി റോഡ് ഏറ്റെടുത്ത സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ റോഡ് കൈയ്യൊഴിയുകയും ജനപ്രതിനിധികൾ തിരിഞ്ഞ് നോക്കാത്ത നിലയിലും പ്രദേശവാസികൾ വർഷങ്ങളായി യാത്രാ ദുരിതം നേരിടുകയാണ്.
മുസ്ലിം പള്ളി, ക്ഷേത്രം, പ്രാഥമികാരോഗ്യകേന്ദ്രം ,റേഷൻ വിതരണ കേന്ദ്രം, ആയുർവേദ ആശുപത്രി, മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്കും തൊട്ടടുത്ത പട്ടണങ്ങളായ മൂവാറ്റുപുഴ, കോതമംഗലം നഗരങ്ങളിലേക്കും പ്രദേശവാസികൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്.
പ്രതിഷേധത്തിനൊരുങ്ങി പി.ഡി.പി
ഊരംകുഴി -ചെറുവട്ടൂർപള്ളിപ്പടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രതിഷേധം നടത്താൻ പി.ഡി.പി ചെറുവട്ടൂർ മേഖലാ കമ്മിറ്റി തീരുമാനിച്ചു. ഷിഹാബ് കുരുംബിനാംപാറ അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദർ ആട്ടായം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അഷറഫ് ബാവ , മേഖല ഭാരവാഹികളായ ഷാജി കവലക്കൽ, നിസാർ ഊരംകുഴി , ഷിയാസ് , കെരീം തട്ടുപറന്പിൽ, ജമാൽ പടുത്താലുങ്കൽ, കെ.എം.സൈഫുദ്ദീൻ ,ഷിയാസ് പുതിയേടത്ത് ,റമിൻസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.