കൊച്ചി: പ്ലസ് ടു പരീക്ഷയിൽ ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിന് ഉജ്വലവിജയം. ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ വർഷങ്ങളായി പ്ലസ് ടു പരീക്ഷ എഴുതുന്ന സ്കൂളിന് ഇത്തവണ ചരിത്രനേട്ടമാണ്. പരീക്ഷ എഴുതിയ 451 പേരിൽ 449 പേരും ജയിച്ചു. 150 പേർക്ക് ഫുൾ എ പ്ളസ്. വിജയശതമാനം 99.56. ബയോമാത്‍സ്, കമ്പ്യൂട്ടർ സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളിൽ 100% വിജയം. പരീക്ഷയെഴുതിയ 451 കുട്ടികളിൽ മുഴുവൻ പേർക്കും ഏതെങ്കിലുമൊക്കെ വിഷയങ്ങൾക്ക് എ പ്ലസ് നേടാൻ കഴിഞ്ഞത് അപൂർവസൗഭാഗ്യമായി.
കഴിഞ്ഞ വർഷം 91 കുട്ടികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം നടപ്പിലാക്കിയപ്പോൾ വിക്ടേഴ്സ് ക്ലാസിന് സമാന്തരമായി സ്കൂളിലെ അദ്ധ്യാപകർ പ്രത്യേകമായി ഓൺലൈൻ പഠനവും നടത്തി. ജൂൺ മുതൽ പരീക്ഷ തീരുംവരെ സജീവമായി കുട്ടികൾക്കൊപ്പം നിന്നു. മൊബൈൽഫോൺ സൗകര്യം,ടാബ്,ടെലിവിഷൻ എന്നിവ കഴിഞ്ഞ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽതന്നെ ജീവനക്കാർ, പി.ടി.എ, മാനേജ്മെന്റ് തുടങ്ങിയവരുടെ സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉറപ്പുവരുത്തിയിരുന്നു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തിയ വ്യക്തിഗതമായ ഇടപെടലുകളും ഫലം കണ്ടു. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾ കൂടുതലായി പഠിക്കുന്ന ഈ പൊതു വിദ്യാലയത്തിലെ എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം ഇവിടുത്തെ കൂട്ടായ പ്രവർത്തനമാണ്.
അദ്ധ്യാപകർ, പി.ടി.എ, മാനേജ്മെന്റ് എന്നിവരെല്ലാം ഒരേമനസോടെയാണ് മികച്ച വിജയത്തിനായി പ്രയത്നിക്കുന്നത്.
പാഠ്യപാഠ്യേതര രംഗത്തും വർഷങ്ങളായി ജില്ലയിൽ ഒന്നാം സ്ഥാനത്താണ് ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂൾ. സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയത്തിനുള്ള അവാർഡ്, സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പി.ടി.എയ്ക്കുള്ള അവാർഡ് തുടങ്ങിയവ അംഗീകാരങ്ങളും തേടിയെത്തി.
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് പ്രിൻസിപ്പൽ ഇ.ജി. ബാബു, എച്ച്. എം. എൻ.സി. ബീന, പി.ടി.എ പ്രസിഡണ്ട് ആർ.ശ്രീജിത്ത്, എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശാഖാ പ്രസിഡന്റ് എൽ.സന്തോഷ്, സെക്രട്ടറി ജിനുരാജ് തുടങ്ങിയവരാണ്.
ഉജ്ജ്വല വിജയവുമായി പൂത്തോട്ട കെ.പി.എം സ്കൂൾ
കൊച്ചി: ഹയർ സെക്കൻഡറി പരീക്ഷയിൽ പൂത്തോട്ട കെ.പി.എം. എച്ച്.എസ്.എസിന് മികച്ച വിജയം. പരീക്ഷ എഴുതിയ 288 കുട്ടികളിൽ 98 പേരും ഫുൾ എ പ്ളസ് നേടി. 98ശതമാനം കുട്ടികളും വിജയിച്ചു. റെഗുലർ വിഭാഗങ്ങളിൽ സയൻസ് - ബയോളജി, സയൻസ് -കമ്പ്യൂട്ടർ, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ നൂറുശതമാനം കുട്ടികളും വിജയിച്ചു.