വൈപ്പിൻ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ട്രോളിംഗ് നിരോധനം അവസാനിക്കുന്ന ആഗസ്റ്റ് ഒന്നുമുതൽ ബോട്ടുകൾ കടലിൽ പോകുന്നതിനോടനുബന്ധിച്ച് മുരുക്കുംപാടം, കാളമുക്ക് ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനവും അനുബന്ധതൊഴിലുകളും ചെയ്തുവരുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് ഞാറക്കൽ പൊലീസ് ഇവർക്ക് താത്കാലിക തിരിച്ചറിയൽ കാർഡ് നൽകും. പാസിനായി തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ, നാട്ടിലെയും തൊഴിലിടത്തെയും മേൽവിലാസം, നാട്ടിലെ അടുത്ത ബന്ധുവിന്റെ പേര്, ഫോൺനമ്പർ തൊഴിലുടമയുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടെ ഫോട്ടോപതിച്ച അപേക്ഷ തിരിച്ചറിയൽ രേഖയുടെ പകർപ്പ് സഹിതം തൊഴിലുടമ മുഖേന സമർപ്പിക്കണം. അന്യസംസ്ഥാന തൊഴിലാളികൾ അപേക്ഷ നൽകാൻ നേരിട്ട് വരേണ്ടതില്ല. എന്നാൽ പാസ് കൈപ്പറ്റുന്നതിന് തിരിച്ചറിയൽ കാർഡിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകണം.
ബോട്ടിലെ തൊഴിലാളികൾക്ക് മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലെത്തി ചരക്കിറക്കുന്നതിനു പാസ് വേണ്ടിവരും. ഇവർ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അപേക്ഷ ഫോട്ടോപതിച്ച് തിരിച്ചറിയൽ രേഖയും ബോട്ടിന്റെ ആർ.സി പകർപ്പ് സഹിതംബോട്ട് ഉടമ മുഖേനയാണ് സമർപ്പിക്കേണ്ടത്.
ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ എത്തിയതിനുശേഷം 24 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. യാനങ്ങളിലെ തൊഴിലാളികൾ മാസത്തിലൊരിക്കലും ഹാർബറിൽ തൊഴിലെടുക്കുന്ന കയറ്റിറക്ക് തൊഴിലാളികൾ, തരകൻമാർ, കച്ചവടക്കാർ അടങ്ങുന്ന മറ്റെല്ലാ വിഭാഗക്കാരും രണ്ടാഴ്ച കൂടുമ്പോഴും ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം. നെഗറ്റീവ് റിസൾട്ടും ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികൾ നൽകിയിട്ടുള്ള പ്രവേശനപാസും ഉണ്ടെങ്കിലേ ഹാർബറിൽ പ്രവേശനം അനുവദിക്കുകയുള്ളു.
ഹാർബറുകളിൽ ചില്ലറ മത്സ്യവില്പനയില്ല
ഹാർബറുകളിൽ ചില്ലറ മത്സ്യവില്പന അനുവദനീയമല്ല . ഈ സാഹര്യത്തിൽ സൈക്കിൾ, ഇരുചക്രവാഹനങ്ങൾ , മുച്ചക്രവാഹനങ്ങൾ എന്നിവക്ക് ഹാർബറിൽ പ്രവേശനം അനുവദിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.