കൊച്ചി: പിറവം കള്ളനോട്ട് കേസിലെ പ്രതികൾ ഇലഞ്ഞി പൈങ്കുറ്റിയിലെ ഇരുനില വീടിന്റെ കരാർ കാലാവധി പൂർത്തിയാകും മുമ്പ് 30 കോടി രൂപയുടെ വ്യാജ കറൻസികളെങ്കിലും നിർമ്മിച്ച് തമിഴ്നാട്ടിലേക്ക് കടത്താൻ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. യഥാർത്ഥ നോട്ടുകൾ നൽകി സ്വന്തമാക്കുന്ന വ്യാജ കറൻസികൾ നേരിട്ട് ബാങ്കുകളിൽ എത്തരുതെന്ന കർശനനിർദേശം നൽകിയായിരുന്നു ഇവരുടെ ഇടപാട്. അറസ്റ്റിലാകും മുമ്പ് വരെ നിർമ്മിച്ച നോട്ടുകൾ തമിഴ്നാട്ടിലേക്ക് കടത്തി. കേരളത്തിൽ അധികം വിതരണം ചെയ്തിട്ടില്ല. പ്രതികൾക്ക് സംസ്ഥാനത്തിന് പുറത്തെ നോട്ടടി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ഏഴംഗ സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും അന്വേഷിച്ചുവരികയാണ്. കള്ളനോട്ടുകൾ കൈപ്പറ്റിയവരിൽ ദേശവിരുദ്ധ ശക്തികളുണ്ടോയെന്ന് തീവ്രവാദ വിരുദ്ധസേന പരിശോധിക്കുന്നുണ്ട്.
നോട്ടടി സംഘത്തിലെ മുഖ്യൻ നെടുങ്കണ്ടം മൈനർ സിറ്രി സ്വദേശി സുനിൽകുമാറാണെന്ന് (40) കണ്ടെത്തി. രണ്ടുവട്ടം കള്ളനോട്ട് കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. വ്യാജനോട്ട് നിർമ്മാണത്തിൽ കുപ്രസിദ്ധനായ സുനിലിന്റെ ബോസുമായി തെറ്റിപ്പിരിഞ്ഞ ശേഷം ഇയാൾ സ്വന്തമായി നോട്ടടി സംഘത്തെ വളർത്തിയെടുക്കുകയായിരുന്നു. ഗ്രാമപ്രദേശത്തെ ഒഴിഞ്ഞ പ്രദേശങ്ങളിലെ ആഡംബര വീടാണ് പ്രതികൾ തിരഞ്ഞെടുത്തിരുന്നത്. ഇങ്ങനെയാണ് ഏഴംഗ സംഘം പിറവം പൈങ്കുറ്റിയിൽ എത്തിയത്. ഒറിജിനലിനോട് കിടപിടിക്കുന്ന നോട്ടുകൾ അച്ചടിക്കാൻ എല്ലാ സംവിധാനങ്ങളും വീട്ടിൽ ഒരുക്കിയിരുന്നു.
കേസിലെ പ്രതികളായ റാന്നി സ്വദേശി മധുസൂദനൻ (48) വണ്ടിപ്പെരിയാർ സ്വദേശി തങ്കമുത്തു (60) എന്നിവരെ മാത്രമേ നാട്ടുകാർ വീടിനു പുറത്ത് കണ്ടിട്ടുള്ളു. മറ്റുള്ളവർ വീടിനുള്ളിൽ മുഴുവൻ സമയവും നോട്ട് നിർമാണത്തിലായിരുന്നു. കേസിൽ അറസ്റ്റിലായ ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട്ട് എസ്റ്റേറ്റ് സ്വദേശികളായ സ്റ്റീഫൻ (31), ആനന്ദ് (24), ധനുഷ് ഭവനിൽ തങ്കമുത്തു (60), കോട്ടയം കിളിരൂർ നോർത്ത് ചെറുവള്ളിത്തറ വീട്ടിൽ ഫൈസൽ (34), തൃശൂർ പീച്ചി വഴയത്ത് വീട്ടിൽ ജിബി (36), എന്നിവരെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ഇന്റലിജൻസ് ബ്യൂറോ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. പ്രതികളെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.