കൊച്ചി: കേരളത്തിൽ നിലവിലുള്ള 15 വ്യവസായ സംരംഭകർ 1,500 കോടി രൂപ ചെലവിൽ വികസനപദ്ധതികൾ നടപ്പാക്കാൻ താത്പര്യം പ്രകടിപ്പിച്ചതായി കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ). വികസന പദ്ധതികൾ സംബന്ധിച്ച് നടത്തിയ സർവേയിലാണ് പുതിയ നിക്ഷേപത്തിന് താത്പര്യം അറിയിച്ചതെന്ന് സി.ഐ.ഐ ദക്ഷിണ മേഖലാ ചെയർമാൻ സി.കെ. രംഗനാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യവസായിക വളർച്ചയിലും നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരത്തിലും പിന്നിൽ നിൽക്കുന്ന വടക്കൻ കേരളത്തിലാകും പുതിയ സാദ്ധ്യതകൾ ഏറെയും കേന്ദ്രീകരിക്കുക. സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഡിമാൻഡ് വർദ്ധനയും അടുത്ത അഞ്ചു വർഷത്തിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഇൻഡസ്ട്രീസ് ഫെസിലിറ്റേഷൻ സെൽ സ്ഥാപിക്കുക, ഡിജിറ്റൽ മികവിൽ നൈപുണ്യം നൽകുന്ന പരിശീലനം ലഭ്യമാക്കുക, കുടുംബശ്രീ, അസാപ്, കെസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയ മാനവവിഭവശേഷി സ്രോതസുകളുടെ ശേഷിവികസനം തുടങ്ങിവ ഉൾപ്പെടുന്നതാണ് പദ്ധതി. സാദ്ധ്യതകൾ കണ്ടെത്തുന്നതിനും നടപ്പാക്കുന്നതിനും വിദഗ്ദ്ധരുടെ സംഘം രൂപീകരിക്കാനും പദ്ധതിയുണ്ട്. നിർദിഷ്ട എഫ്.എം.സി.ജി, ആയുർവേദ, മെഡിക്കൽ ഉപകരണ പാർക്കുകളിൽ സർക്കാരുമായി സഹകരിച്ച് നിക്ഷേപങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും.
സി.ഐ.ഐയുടെ ശുപാർശകൾ പരിഗണിച്ച് കേന്ദ്രീകൃത പരിശോധനാ സംവിധാനം, പരാതി പരിഹാര സെൽ, ഏകീകൃത ഭൂനയം എന്നിവ നടപ്പാക്കിയ സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. കൊവിഡ് മൂലം വരുമാനനഷ്ടം നേരിടുന്ന ടൂറിസം മേഖലയിലുള്ളവരുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
15,411 പുതിയ യൂണിറ്റുകൾ
നാലു വർഷത്തിനിടെ 15,411 സൂക്ഷ്മ, ചെറുകിട, ഇടത്തരം യൂണിറ്റുകൾ സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചതായി സി.ഐ.ഐ സംസ്ഥാന ചെയർമാൻ ശ്രീനാഥ് വിഷ്ണു പറഞ്ഞു. വ്യവസായ വളർച്ചയ്ക്ക് അനുയോജ്യമാണ് സംസ്ഥാനത്തെ സാഹചര്യങ്ങളെന്ന് തെളിയിക്കുന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചെയർമാനും കാൻകോർ ഇൻഗ്രേഡിയന്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ജീമോൻ കോരയും സംസാരിച്ചു.
കേരളം നിക്ഷേപസൗഹൃദം: സി.ഐ.ഐ ദക്ഷിണ മേഖലാ ചെയർമാൻ
കൊച്ചി: കേരളം നിക്ഷേപസൗഹൃദമല്ലെന്ന പ്രചാരണം ദൗർഭാഗ്യകരമാണെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.ഐ.ഐ ) ദക്ഷിണ മേഖലാ ചെയർമാൻ സി.കെ. രംഗനാഥൻ പറഞ്ഞു. കേരളത്തിലെ ഏകജാലക സംവിധാനം രാജ്യത്തുതന്നെ മികച്ചവയിൽ ഒന്നാണെന്ന് അദ്ദേഹം ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു സംരംഭം പുറത്തേയ്ക്ക് പോയതിന്റെ പേരിൽ വ്യവസായസൗഹൃദമല്ല കേരളമെന്ന് പറയാനാവില്ല. പോയത് ദൗർഭാഗ്യകരമാണ്. വ്യവസായസംബന്ധമായ ചില പ്രശ്നങ്ങൾ നിലവിലുണ്ട്. അതിന് ആരെയും കുറ്റപ്പെടുത്താൻ താല്പര്യമില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും വ്യവസായികളും ചേർന്ന് ശ്രമിക്കുന്നുണ്ട്. പരിഹാരം കാണാൻ സർക്കാർ വലിയ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വളരെ കുറവാണ്. തൊഴിൽ സ്ഥാപനങ്ങളെ ശ്രദ്ധിക്കുകയും പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ മൂന്നുമാസം കൂടുമ്പോൾ വ്യവസായികളുമായി ചർച്ച നടത്താമെന്ന സർക്കാർ നിർദേശം പ്രശ്നങ്ങൾ പരിഹരിക്കാൻ ഉചിതമാണ്. വ്യവസായവളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കാനും അഞ്ചു വർഷം കൊണ്ട് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായവളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യമാണുള്ളത് - ശ്രീനാഥ് വിഷ്ണു, സംസ്ഥാന ചെയർമാൻ, സി.ഐ.എ