കാലടി: ട്രിപ്പിൾ ലോക് ഡൗണിലായ മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിൽ ഭരണസമിതിയുടെ പിടിപ്പുകേടിനും അലംഭാവത്തിനുമെതിരെ എൽ.ഡി.എഫ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിനു മുമ്പിൽ ധർണ നടത്തി. കൊവിഡ് വാക്സിനേഷൻ കേന്ദ്രം എല്ലാവർക്കും സൗകര്യപ്രദമായ നീലീശ്വരം ഗവ.എൽ.പി സ്കൂളിലേക്ക് മാറ്റുക, കിടപ്പ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും വാക്സിൻ വിതരണംചെയ്യുക, വഴിവിളക്കുകൾ നന്നാക്കുക പഞ്ചായത്തിലെ സേവനങ്ങൾ കാര്യക്ഷമമാക്കുക, പൊതുകാനകളുടെ ചെളിനീക്കം ചെയ്യാൻ നടപടി സ്വീകരിക്കുക, വാർഡ് ജാഗ്രതാ സമിതികളുടെ നിസംഗത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു കമ്മിറ്റി ബഹിഷ്കരണം. പി.ജെ. ബിജു ധർണ ഉദ്ഘാടനം ചെയ്തു. ആനി ജോസ് അദ്ധ്യക്ഷയായി. ഷിബു പറമ്പത്ത്, വിജി രജി, സതി ഷാജി, ബിൻസി ജോയി എന്നിവർ പങ്കെടുത്തു.