വൈപ്പിൻ: റവന്യൂവകുപ്പ് നൽകിയ ഇരുനൂറോളം ചാക്കുകളിൽ മണൽനിറച്ച് നായരമ്പലം പുത്തൻകടപ്പുറത്ത് മണൽവാട പുനർനിർമ്മിച്ചു. ബാലമുരുക ക്ഷേത്രത്തിന്റെ തെക്കുഭാഗത്താണ് കടൽക്ഷോഭത്തിൽ മണൽവാട തകർന്ന് പരിസരത്തെ വീടുകളിൽ വെള്ളം കയറിയത്. കടൽഭിത്തി ഇല്ലാത്ത ഇവിടെ രണ്ടുതവണ യന്ത്രസഹായത്താൽ മണൽവാട നിർമ്മിച്ചിട്ടും തകർന്നു. തുടർന്നാണ് റവന്യൂവകുപ്പിന്റെ സഹായത്തോടെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് മണൽവാട പുനർനിർമ്മിച്ചത്.
മൺസൂൺ കനത്താൽ വാർഡിന്റെ പലഭാഗത്തും കടൽവെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം സി.സി. സിജി ജലവിഭവ വകുപ്പിനോട് ആവശ്യപ്പെട്ടു.