തൃക്കാക്കര: നഗരസഭയിൽ വിഷം കുത്തിവച്ച് തെരുവുനായ്കളെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ ബി.ജെ.പി തൃക്കാക്കര മുനിസിപ്പൽ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. നഗരസഭ ഓഫീസിനോടുചേർന്ന അശാസ്ത്രീയ മാലിന്യസംഭരണം നിർത്തലാക്കുക, തെരുവ് നായകൾക്ക് ഷെൽട്ടർ സംവിധാനം നടപ്പിലാക്കുക, വന്ധ്യംകരണം നടപ്പിലാക്കുക, വഴിയോരങ്ങളിൽ ഭക്ഷണമാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എ.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് സി.ബി. അനിൽകുമാർ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം.സി. അജയകുമാർ, സി. നന്ദകുമാർ എന്നിവർ സംസാരിച്ചു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ്, മണ്ഡലം സെക്രട്ടറി സി.പി. ബിജു, ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അരുൺ, മുനിസിപ്പൽ വൈസ് പ്രസിഡന്റ് രതീഷ്‌കുമാർ, സീമ ബാലകൃഷ്ണൻ, ഉണ്ണി കാക്കനാട്, ഒ.കെ. സാജു തുടങ്ങിയവർ പങ്കെടുത്തു.