പെരുമ്പാവൂർ: കവി ലൂയിസ് പീറ്റർ ജീവിച്ചിരിക്കുമ്പോൾ കഴിയാതെപോയ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ഭാര്യ ഡോളി ലൂയിസ്. വീടുപണി പാതിപൂർത്തിയാക്കിയപ്പോഴാണ് ലൂയിസ് പീറ്റർ കരൾരോഗം ബാധിച്ച് മരിച്ചത്. വീടായിട്ടാണ് പണി കഴിപ്പിച്ചതെങ്കിലും കവിയുടെ ഓർമ്മയ്ക്കായി ലൈബ്രറിയാക്കി മാറ്റാനാണ് ഡോളിയുടെയും കുടുംബത്തിന്റെയും ആഗ്രഹം. വീടിന്റെ ചുമരിൽ ആർട്ടിസ്റ്റ് കെ. മോഹനദാസും സുഹൃത്തുക്കളും ലൂയിസിന്റെ ഓർമ്മച്ചിത്രമൊരുക്കി. കവി മനസിൽ സൂക്ഷിച്ചിരുന്ന പ്രിയനേതാവ് എം. സ്വരാജ്, അഡ്വ. എൻ.സി. മോഹനൻ, നാടക രചയിതാവ് പി.എ.എം. ഹനീഫ്, അജി സി. പണിക്കർ തുടങ്ങിയവരെ ക്ഷണിച്ച് ലൈബ്രറി പ്രഖ്യാപനവും ചരമദിനവും ആചരിക്കാനാണ് തീരുമാനം.

2020 ജൂലായ് 29 നായിരുന്നു ലൂയിസ് പീറ്റർ മരിച്ചത്. വേങ്ങൂർ പഞ്ചായത്തിലെ വക്കുവള്ളി കനാൽ പാലത്തിനടുത്ത് ഓടിട്ട പഴയ തറവാട്ടുവീട്ടിലായിരുന്നു താമസം. കാലപ്പഴക്കംകൊണ്ടും ചോർന്നൊലിച്ചും വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. വീടു വേണമെന്ന തന്റെ ആഗ്രഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോഴാണ് നിലമ്പൂരുള്ള അദ്ധ്യാപികയും കവയിത്രിയുമായ മാലതിയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വീടുപണി ആരംഭിച്ചത്. കുടുംബം വാടകവീട്ടിലാണ് താമസം. മലയാളത്തിലെ മുൻ നിര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതാറുണ്ടായിരുന്നെങ്കിലും ലൂയീസ് പീറ്ററിന്റെ കവിതകൾ എന്ന പേരിൽ ഒരു പുസ്തകം മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.