ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന് വീണ്ടും ചരിത്രനേട്ടം. എസ്.എസ്.എൽ.സി പരീക്ഷക്ക് പിന്നാലെ പ്ളസ് ടു പരീക്ഷയിലും നൂറുമേനി വിജയം. 184 പേർ പരീക്ഷയെഴുതിയപ്പോൾ 76 പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു. 20 പേർക്ക് ഒരു വിഷയത്തിന് മാത്രമാണ് എ പ്ളസ് നഷ്ടമായത്.

ബയോളജിയിൽ 50 ശതമാനത്തിലേറെ കുട്ടികൾ എ പ്ളസ് നേടി. കഴിഞ്ഞവർഷം ഒരു കുട്ടി ഉപരിപഠനത്തിന് യോഗ്യതനേടാത്തതിനെത്തുടർന്ന് പ്ളസ് ടു പരീക്ഷയിൽ സ്കൂളിന് 100 ശതമാനം വിജയം നഷ്ടപ്പെട്ടിരുന്നു. 2008, 2019 വർഷങ്ങളിലും പ്ളസ് ടു പരീക്ഷയിൽ സ്കൂൾ സമ്പൂർണ വിജയമാണ് കൈവരിച്ചത്. കഴിഞ്ഞവർഷം 45 കുട്ടികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചത്.

തുടർച്ചയായി രണ്ടാം വർഷമാണ് എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം നേടിയത്. എസ്.എസ്.എൽ.സി - പ്ളസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൾ സീമ കനകാംബരനും ഹെഡ്മാസ്റ്റർ സന്തോഷ് കുട്ടപ്പനും സ്കൂൾ വികസനസമിതി കൺവീനർ കെ.കെ. മോഹനനും അഭിനന്ദിച്ചു.