csl

കൊച്ചി: ഒഴുകി നടക്കുന്ന അതിർത്തി ചെക്ക് പോസ്റ്റ് ഉൾപ്പെടെ അഞ്ചു കപ്പലുകൾ ഒറ്റദിവസം നീറ്റിലിറക്കി കൊച്ചി കപ്പൽശാല അസുലഭനേട്ടം കൈവരിച്ചു. അതിർത്തി രക്ഷാസേനയുടെ മൂന്നും ചരക്കുനീക്കത്തിനായുള്ള രണ്ടും കപ്പലുകളാണ് നീറ്റിലിറക്കിയത്.

നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫി ലാബോറട്ടറി (എൻ.പി.ഒ.എൽ)യിലെ ശാസ്ത്രജ്ഞയും കപ്പൽശാല ചെയർമാൻ മധു എസ്. നായരുടെ ഭാര്യയുമായ ഡോ. രമീത കെ. കപ്പലുകൾ നീറ്റിലിറക്കുന്ന ചടങ്ങ് നിർവഹിച്ചു. കൊവിഡ് പ്രതിസന്ധിയിലും അഞ്ചു കപ്പലുകൾ പൂർത്തിയാക്കിയത് വലിയ നേട്ടമാണെന്ന് കപ്പൽശാല അധികൃതർ പറഞ്ഞു.

രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ കടലിൽ ചെക്ക് പോസ്റ്റായി പ്രവർത്തിക്കാനുള്ളതാണ് അതിർത്തി രക്ഷാസേനയ്ക്കുള്ള മൂന്ന് കപ്പലുകൾ. 46 മീറ്ററാണ് കപ്പലിന്റെ നീളം. തീരദേശത്ത് നിരീക്ഷണം നടത്തുകയാണ് ഇവയുടെ ദൗത്യം. നാല് ബോട്ടുകളും കപ്പലിനൊപ്പമുണ്ട്. കപ്പൽശാല ആഭ്യന്തരമായി രൂപകല്പന ചെയ്ത കപ്പലുകളാണിവ. ഇത്തരം 9 കപ്പലുകളാണ് നിർമിക്കുന്നത്.

ജെ.എസ്.ഡബ്ളിയു ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സിന് വേണ്ടിയാണ് രണ്ടു ചരക്കുകപ്പലുകൾ നിർമിച്ചത്. തീരദേശ ചരുക്കുനീക്കത്തിന് വേണ്ടിയാണ് ഇവ ഉപയോഗിക്കുക. കമ്പനിക്ക് വേണ്ടി 9 കപ്പലുകളാണ് കൊച്ചിയിൽ നിർമിക്കുന്നത്.

ചടങ്ങിൽ കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ, അതിർത്തിരക്ഷാസേന ഡി.ഐ.ജി മുകേഷ് ത്യാഗി, ജെ.എസ്.ഡബ്ളിയു ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് വൈസ് പ്രസിഡന്റ് പ്രണബ് കെ. ത്ധാ, കപ്പൽശാല ഡയറക്‌ടർമാരായ ബിജോയ് ഭാസ്കർ, ജോസ് വി.ജെ എന്നിവരും പങ്കെടുത്തു.