കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റ് വൈകുന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഫോർ ഡയാന ആക്ഷൻ കൗൺസിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. സ്ത്രീധന പീഡനം സംബന്ധിച്ച് 23ന് കേസെടുത്തെങ്കിലും നടപടി വൈകിപ്പിക്കുകയാണ്. യുവതിയുടെ പിതാവിന്റെ കാല് പ്രതികൾ തല്ലിയൊടിച്ചു. സ്വാധീനം ഉപയോഗിച്ച് ഡിസ്ചാർജ് സമ്മറിയിൽ പ്രതികൾ തിരുത്തൽ വരുത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്. അറസ്റ്റ് നടപടി ഇനിയും വൈകിയാൽ പൊലീസിനെതിരെ ജനകീയ പ്രക്ഷോഭവവുമായി മുന്നോട്ട് പോകാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. പ്രതികൾ ഒളിവിലാണെന്നാണ് എറണാകുളം നോർത്ത് പൊലീസ് പറയുന്നത്. പാലാരിവട്ടം ചക്കരപ്പറമ്പ് സ്വദേശിയായ ജോർജിന്റെ മകൾ ഡയാനയാണ് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദ്ദനത്തിന് ഇരയായത്. ഭർത്താവ് പച്ചാളം സ്വദേശി ജിപ്‌സണും കുടുംബത്തിനുമെതിരെയാണ് കേസ്. അതേസമയം കേസുമായി ബന്ധപ്പെട്ട് നോർത്ത് എസ്.എച്ച്.ഒ ഇന്ന് തിരുവനന്തപുരത്തെ വനിതാ കമ്മിഷൻ ആസ്ഥാനത്ത് നേരിട്ട് ഹാജരായി വിശദീകരണം നൽകണം. ഉച്ചയ്ക്ക് 2.30ന് ഹാജരാകാനാണ് കമ്മിഷൻ നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.