ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കരയിൽ തെരുവുനായ്ക്കളെ വിഷം കൊടുത്തുകൊന്നെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കടുങ്ങല്ലൂർ സ്വദേശി ശ്രീജിത്ത് നൽകിയ പരാതിയിലാണ് അന്വേഷണം. സ്വകാര്യ വില്ലകളിലെ ഭക്ഷണാവശിഷ്ടങ്ങൾ തേടിയെത്തുന്ന നായ്ക്കൾ ചെടിച്ചട്ടികൾ മറിച്ചിടുകയും പോർച്ചിൽ കിടക്കുകയും ചെയ്യുന്നത് പതിവായതിനെത്തുടർന്നാണ് നായ്ക്കളെ വിഷം കൊടുത്തു കൊന്നതെന്ന് പറയുന്നു.
ഇത് സംബദ്ധിച്ച് താമസക്കാരുടെ സംഘടന വാട്ട്‌സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ച് അംഗങ്ങളെ അറിയിച്ച ശേഷമായിരുന്നു ക്രൂരത. ബിനാനിപുരം ഇൻസ്പക്ടർ സിൽവർസ്റ്റന്റെ നേതൃത്വത്തിൽ താമസക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പേരിൽനിന്നും വിശദാംശങ്ങൾ ശേഖരിച്ചശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കര നഗരസഭയിൽ തെരുവുനായ്ക്കളെ കൂട്ടക്കുരുതി ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇടപെട്ട സാഹചര്യത്തിൽ ഏലൂക്കര സംഭവത്തിലും പൊലീസ് അന്വേഷണം ശക്തമാക്കി.