കൊച്ചി: വാഹനമോടിക്കുമ്പോൾ ബ്ളൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാക്കാനുള്ള തീരുമാനത്തിനെതിരെ കളമശേരി സ്വദേശി ജിയാസ് ജമാൽ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ജസ്റ്റിസ് സുനിൽ തോമസ് ഹർജി ആഗസ്റ്റ് ഒമ്പതിനു പരിഗണിക്കാൻ മാറ്റി. ഡ്രൈവിംഗിനിടെ ബ്ളൂടൂത്ത് വഴി സംസാരിക്കുന്നതിനെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തീരുമാനിച്ചിരുന്നു. വാഹനം ഓടിക്കുമ്പോൾ ഹാൻഡ് ഹെൽഡ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതു മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 സി പ്രകാരം കുറ്റകരമാണ്. എന്നാൽ ഹാൻഡ് ഫ്രീ ഉപകരണങ്ങൾ ഈ വകുപ്പിന്റെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ബ്ളൂടൂത്ത് സൗകര്യമുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്തു നൽകുകയും പണം നൽകി വാങ്ങുന്ന വ്യക്തി ഇതുപയോഗിക്കുന്നത് തടയുകയും ചെയ്യുന്നത് നിയമപരമല്ലെന്നും ഹർജിയിൽ പറയുന്നു. ബ്ളൂടൂത്ത് ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതു വിലക്കി നിയമനിർമ്മാണം നടത്താതെ നടപടിയെടുക്കാനാവില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.