marammuri

ആലുവ: മുട്ടിൽ മരംമുറി കേസിൽ അറസ്റ്റിലായ മൂന്ന് സഹോദരങ്ങളുൾപ്പെടെ നാല് പ്രതികളെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തു. വയനാട് വാഴവറ്റ മൂറ്റാനാനിയിൽ റോജി അഗസ്റ്റിൻ, സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, മരം കടത്തിയ വാഹനത്തിന്റെ ഡ്രൈവർ ബിനീഷ് എന്നിവരെയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആലുവയിൽ എത്തിച്ചത്. സഹോദരങ്ങളുടെ അമ്മ മരിച്ചതിനാൽ ഇവരെ പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോയി.

മരംമുറി കേസ് അന്വേഷിക്കുന്ന എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് ചോദ്യം ചെയ്തത്. കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ആർ.എസ്. അരുണും എത്തിയിരുന്നു. പ്രതികളെ എത്തിക്കുന്നതിന് മുമ്പായി പൊലീസ് ക്ലബ്ബിൽ എ.ഡി.ജി.പി. എസ്. ശ്രീജിത്തും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേർന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ മാതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി പുറത്തെത്തിയപ്പോഴാണ് മലപ്പുറം കുറ്റിപ്പുറത്ത് പൊലീസിന്റെ പിടിയിലായത്. നാലുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഡ്രൈവറുടെ പങ്ക് വിശദമായി അന്വേഷിക്കുമെന്നും എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു. നാലുപേരെയും ഇന്ന് വയനാട്ടിലെ വീട്ടിൽ അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിക്കും. പ്രതികൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.