അങ്കമാലി: മിനിലോറിക്ക് പിന്നിൽ ഇരുചക്ര വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിനി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
പെരുമ്പാവൂർ മാറമ്പിള്ളിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി പരമേശ്വരി (60) ആണ് മരിച്ചത്. കാക്കൂർ തിരുമാറാടി കാരടൂർത്ത് വീട്ടിൽ അനിൽ (37) ആണ് ഗുരുതരമായ പരുക്കുകളോടെ കറുകുറ്റി അഡ്ലക്സ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ദേശീയ പാതയിൽ കോതകുളങ്ങര യു ടേണിൽ ഇന്നലെ വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം. ചാലക്കുടി ഭാഗത്തു നിന്ന് മെറ്റൽ ഷീറ്റ് കയറ്റിവന്ന മിനി ലോറി യൂ ടേണിൽ തിരിയുമ്പോൾ അതേ ദിശയിൽ നിന്നു വന്ന ഇരുചക്ര വാഹനങ്ങൾ പിന്നിൽ ഇടിക്കുകയായിരുന്നു. മിനിലോറിയിലെ മെറ്റൽഷീറ്റ് വണ്ടിക്ക് പുറത്തേക്ക് തള്ളിനില്ക്കുന്നുണ്ടായിരുന്നു.
ബന്ധുവിനോടൊത്ത് ബൈക്കിന് പിന്നിലിരുന്നിരുന്ന പരമേശ്വരി റോഡിലേക്ക് തെറിച്ചു വീണു. സഭവസ്ഥലത്തു വച്ചുതന്നെ ഇവർ മരിച്ചു. മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന അനിലും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.