കൊച്ചി: ബ്രഹ്മപുരം പ്ളാന്റിലെ പിഴവുകളുടെ പേരിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇന്ന് സംസ്ഥാന സർക്കാരിനെയും കൊച്ചി കോർപ്പറേഷനെയും പ്രതിക്കൂട്ടിൽ കയറ്റും. പ്ളാന്റിലെ സങ്കീർണമായ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഇതുവരെ ചെയ്ത കാര്യങ്ങൾ ഇരുകൂട്ടരും ഇന്ന് കോടതി മുമ്പാകെ വിശദീകരിക്കും .കോടതി നടപടികൾക്ക് മുന്നോടിയായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ് ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. ബ്രഹ്മപുരത്ത് അജൈവമാലിന്യം തള്ളുന്ന അഞ്ച് മുനിസിപ്പാലിറ്റികളുടെ വിശദീകരണം സർക്കാർ തേടിയിരുന്നു. പ്ളാന്റിലെ സ്ഥിതിഗതികളെ കുറിച്ച് കളക്ടർ പ്രത്യേക റിപ്പോർട്ട് നൽകി. ഫലപ്രദമായ നടപടികൾ സ്വീകരിച്ചതിനുള്ള തെളിവുകൾ കോർപ്പറേഷൻ ഹാജരാക്കും. ബ്രഹ്മപുരം സംബന്ധിച്ച് തുടർച്ചയായ നിർദ്ദേശങ്ങൾ

അനുസരിക്കാതെ മുന്നോട്ടുപോകുന്ന കോർപ്പറേഷനും സർക്കാരും ഹരിതട്രിബ്യൂണലിന്റെ അന്ത്യശാസനം ലഭിച്ചതോടെയാണ് ഉറക്കം വിട്ടുണർന്നത്.

 മാലിന്യം നീക്കാൻ 55 കോടി

ബ്രഹ്മപുരത്തു കൂന്നുകൂടിയ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ചർച്ച തുടങ്ങിയിട്ടു വർഷങ്ങളായി.

2020 മുതൽ ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് ആറു കൗൺസിൽ യോഗങ്ങളിൽ പലവിധ ചർച്ചകൾ വന്നെങ്കിലും തീരുമാനമെടുക്കാതെ ഓരോ തവണയും ഫയലുകൾ മാറ്റിവച്ചു. ഇതിനിടെ ഹരിത ട്രിബ്യൂണൽ ഇടപെടൽ ശക്തമായപ്പോൾ മാലിന്യമല നീക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തു. ടെൻഡർ ക്ഷണിക്കാൻ കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്തി. സോന്റ ഇൻഫ്രാടെക് എന്ന കമ്പനിക്ക് ടെൻഡർ നൽകാൻ സർക്കാർ തീരുമാനിച്ചു. കോഴിക്കോട് എൻ.ഐ.ടി. നടത്തിയ പഠനപ്രകാരം 4.75 ലക്ഷം എം.ക്യൂബ് മാലിന്യമാണു നീക്കാനുള്ളത്. 54.90 കോടിയുടെ ടെൻഡറിനാണു സർക്കാർ അംഗീകാരം നൽകിയത്. ടെൻഡർ നടപടികൾ തുടങ്ങിയ ശേഷം വന്ന മാലിന്യവും കൂടി പരിഗണിക്കുമ്പോൾ 40 ഏക്കർ സ്ഥലത്ത് 5.51 ലക്ഷം എം.ക്യൂബ് മാലിന്യമുണ്ടെന്നാണ് കണക്ക്.

 ഒടുവിൽ അനുമതി

ബ്രഹ്മപുരത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ആഴ്ച വിളിച്ചുചേർത്ത സ്പെഷ്യൽ കൗൺസിൽ യോഗം ബയോ മൈനിംഗിന് അംഗീകാരം നൽകിയതോടെ മാലിന്യം നീക്കാൻ വഴി തെളിഞ്ഞു. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ പ്ലാന്റ് നിർമ്മിക്കുന്നതിനായി 20 ഏക്കർ സ്ഥലം വിട്ടുനൽകും.

പദ്ധതി നടപ്പാക്കുന്ന കെ.എസ്.ഐ.ഡി.സി.ക്ക് 27 വർഷത്തേക്കാണ് സ്ഥലം പാട്ടത്തിന് നൽകുന്നത്. അവരത് ടെൻഡർ എടുത്ത സോന്റ ഇൻഫ്രാടെക്കിന് കൈമാറും.

 നിയമപരമായി നീങ്ങും

മാലിന്യസംസ്കരണ പ്ളാന്റിന്റെ അവസ്ഥ ശോചനീയമാണെന്ന് ഹരിത ട്രിബ്യൂണൽ സംഘം കഴിഞ്ഞ മാർച്ചിൽ നടത്തിയ സന്ദർശനത്തിൽ ബോദ്ധ്യപ്പെട്ടിരുന്നു. പാരിസ്ഥിതിക നിയമങ്ങൾ പാലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതാണ് പ്രശ്നം. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ചെറിയ അനക്കമുണ്ടായിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു.

എ.വി.രാമകൃഷ്ണപിള്ള

ദേശീയ ഹരിതട്രിബ്യൂണൽ സംസ്ഥാനതല നിരീക്ഷണസമിതി

ചെയർമാൻ