കൊച്ചി: എറണാകുളത്ത് റെയിൽവേ മാർഷലിംഗ് യാർഡ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ടെർമിനൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈബി ഈഡൻ എം. പി ആവശ്യപ്പെട്ടു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. 5500 കോടിയോളം രൂപ വിലമതിക്കുന്ന 110 ഏക്കർ സ്ഥലമാണ് ഇവിടെ റെയിൽവേയുടെ അധീനതയിലുള്ളത്. ടെർമിനലിന്റെ കാര്യം മുൻമന്ത്രി പിയൂഷ് ഗോയലിന്റെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു.എന്നാൽ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ പദ്ധതിയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്ന് മാത്രമല്ല പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ പോലും വിസമ്മതിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് തുടർനടപടികൾക്ക് നിർദ്ദേശം നൽകാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഹൈബി അറിയിച്ചു.