school-
രാമമംഗലം ഹൈസ്കൂളിലെ അദ്ധ്യാപകർ ഭവനസന്ദർശനം നടത്തുന്നു.

പിറവം: കൊവിഡ് കാലത്ത് വീടുകളിലിരുന്ന് പഠിക്കുന്ന കുട്ടികളെ സന്ദർശിക്കാൻ അദ്ധ്യാപകരുടെ ഭവനസന്ദർശനത്തിന് തുടക്കം. രാമമംഗലം ഹൈസ്കൂളിൽ കരുതലും കാവലും പരിപാടിയുടെ ഭാഗമായി അഞ്ഞൂറിൽപരം കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുക എന്നതാണ് ലക്ഷ്യം. പഠനസാഹചര്യങ്ങൾ മനസിലാക്കുന്നതിനും പഠനനിലവാരം പരിശോധിക്കുന്നതിനും നോട്ടുബുക്ക് നോക്കുന്നതിനും ലക്ഷ്യമിടുന്നു. അദ്ധ്യാപകർ വീട്ടിലെത്തുമ്പോൾ കുട്ടികളും സന്തോഷത്തിലാണ്. അവധി ദിവസങ്ങൾ നോക്കാതെ രാത്രിയും പകലും ഓൺലൈൻ ക്ലാസിന്റെ ഇടവേളകളിലും അദ്ധ്യാപകർ ഒരു ടീമായിട്ടാണ് സന്ദർശനം. പി.ടി.എയുടെ പൂർണപിന്തുണയുമുണ്ട്. പുതിയതായി അഡ്മിഷനെടുത്ത കുട്ടികൾക്ക് ഓൺലൈനിൽ മാത്രം പരിചയമുള്ള അദ്ധ്യാപകരെ നേരിൽ കാണുന്നതിനും സാധിക്കുന്നുവെന്ന മേന്മയും ഈ ദൗത്യത്തിനുണ്ട്.

അദ്ധ്യാപകരായ മോളി മാത്യു, സിന്ധു പീറ്റർ, സ്മിത വിജയൻ, സ്കറിയ. കെ. സി, ഷൈജി ജേക്കബ്, ഹേമ. ഇ. ആർ, കഥാകൃത്തുകൂടിയായ കാക്കൂർ ഹരീഷ് നമ്പൂതിരി എന്നിവരാണ് നേതൃത്വം നൽകുന്നത്. ദേവസ്വം പ്രസിഡന്റ് മധു കെ.എൻ, മാനേജർ കെ.എസ്. രാമചന്ദ്രൻ, ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ടി.എം. തോമസ്, കോ ഓർഡിനേറ്റർ അനൂപ് ജോൺ എന്നിവരും മുഴുവൻ സമയവും അദ്ധ്യാപകർക്കൊപ്പമുണ്ട്. കരുതലും കാവലും പരിപാടിയുടെ ഭാഗമായി കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാൻ ഉണർവ് ഹെൽപ്പ് ലൈൻ, ഓൺലൈനായി ഡിജിറ്റൽ ലൈബ്രറി, പരീക്ഷണങ്ങൾക്കായി ഡിജിറ്റൽ ലാബ്, ഓൺലൈൻ യോഗ, വയോജനങ്ങൾക്ക് വേണ്ടിയുള്ള ആരോഗ്യശുചിത്വ പരിപാടികൾ, മാതാപിതാക്കൾക്ക് ഡിജിറ്റൽ സാക്ഷരത, വെർച്വൽ പി.ടി.എ യോഗം, കുട്ടികളെ എല്ലാ ആഴ്ചയും ക്ലാസ് ടീച്ചർ വിളിക്കുന്ന സ്‌നേഹസ്വരം, വിവിധ പരിപാടികൾ പഠിപ്പിക്കുന്നതിന് സീറോ പീരിയഡ് തുടങ്ങി നിരവധി പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.