കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആന്റണി ജോൺ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. പിണ്ടിമേട് വെള്ളച്ചാട്ടം,ചാമിക്കുത്ത്, കൊടുമ്പിരികുത്ത്, കണ്ടംപാറ, തട്ടേക്കാട് പക്ഷിസങ്കേതം, ക്ണാച്ചേരി, ഭരണിക്കുഴി, ആനക്കയം, ഇടമലയാർ, വൈശാലി ഗുഹ, കൊയ്നിപ്പാറ, കുഞ്ചിക്കുടി, ശൂലമുടി അടക്കമുള്ള സ്വാഭാവിക പ്രകൃതി രമണീയമായ നിരവധി പ്രദേശങ്ങളുണ്ട്. ഇവിടങ്ങളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം ഉൾപ്പെടെയുള്ള ടൂറിസം സാദ്ധ്യതകൾ വിശദമായി പരിശോധിച്ചശേഷം വനംവകുപ്പുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.