കൊച്ചി: സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറത്തിന്റെ മറവിൽ പ്രസിഡന്റ് അഡ്വ.പി.ടി.രാധാകൃഷ്ണൻ ലക്ഷങ്ങളുടെ മണിച്ചെയിൻ തട്ടിപ്പ് നടത്തിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. രാധാകൃഷ്ണനെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്നും 40,000 പേരാണ് ചതിക്കുഴിയിൽ വീണതെന്നും ഇവർ പറഞ്ഞു.

സോഷ്യൽ ജസ്റ്റിസ് ഹെൽപിംഗ് പ്ലാൻ എന്ന പദ്ധതിയുടെ പേരിൽ 220 രൂപ മേടിച്ച് അംഗത്വം നൽകിയാണ് തട്ടിപ്പ്. പിന്നീട് ജോയിന്റ് ബാങ്ക് അക്കൗണ്ടുണ്ടാക്കി പണം അതിൽ നിക്ഷേപിക്കുകയും പിൻവലിക്കുകയുമാണ് രീതി. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെന്നും വൈസ് പ്രസിഡന്റ് ഒ.ജെ.ജോസഫ്, ഷാനവാസ് പുളിക്കൽ, സാലി എന്നിവർ പറഞ്ഞു.

എന്നാൽ, തനിക്കെതിരെ ആരോപണമുന്നയിച്ചവർക്ക് സംഘടനയിൽ മെമ്പർഷിപ്പ് പോലുമില്ലെന്ന് അഡ്വ.പി.ടി.രാധാകൃഷ്ണൻ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.