കൊച്ചി: ലാസ്റ്റ്‌ഗ്രേഡ് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല സമരം മുഖ്യമന്ത്രി ഇടപെട്ട് തീർപ്പാക്കണമെന്ന് ഭാരത് ധർമ്മ ജനസേന (ബി.ഡി.ജെ.എസ് ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമനങ്ങൾ വേഗത്തിലാക്കും എന്നതുൾപ്പെടെ ആറ് ഉറപ്പുകൾ നൽകിയാണ് പി.എസ്.സി ഉദ്യോഗാർത്ഥികളുടെ 36 ദിവസത്തെ സമരം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തീർപ്പാക്കിയത്. എന്നാൽ ഭരണത്തിൽ തിരിച്ചെത്തിയിട്ടും ഉറപ്പു പാലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. 493 പി.എസ്.സി ലിസ്റ്റുകളുടെ കാലാവധി അടുത്ത ആഴ്ച തീരുകയാണ്. പിൻവാതിലിലൂടെയുള്ള താൽക്കാലിക നിയമനം ഒഴിവാക്കി നിലവിലെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് സംവരണതത്വം പാലിച്ച് നിയമനങ്ങൾ നടത്തണം. അതല്ലെങ്കിൽ ലാസ്റ്റ്‌ഗ്രേഡ് പട്ടിക ഉൾപ്പെടെ പി.എസ്.സി റാങ്ക് ലിസ്റ്റ് ആറു മാസത്തേക്ക് നീട്ടാൻ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകണമെന്ന് ജില്ല പ്രസിഡന്റ് എ.ബി.ജയപ്രകാശ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.