കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യസംസ്‌കരണത്തിന് കെ.എസ്.ഐ.ഡി.സി നടത്തുന്ന ടെണ്ടർ നടപടികളിൽ വൻ അഴിമതിയെന്ന് ബി.ജെ.പി ആരോപിച്ചു. സോൺട കമ്പനിക്ക് കരാർ നൽകിയതിനു പിന്നിൽ സി.പി.എം ബാന്ധവമുണ്ടെന്ന കാര്യം വ്യക്തമാണെന്ന് ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ പറഞ്ഞു. കൊച്ചിയിലെ മാലിന്യ സംസ്‌കരണ വിഷയത്തിൽ ഭരണപക്ഷവും പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും ഒരേ തൂവൽപക്ഷികളാണ്. അങ്ങനെയിരിക്കെ ഈ വിഷയത്തിൽ ആരോപണമുന്നയിക്കാൻ മുൻ മേയർ ടോണി ചമ്മണിക്ക് എന്തവകാശമുണ്ടെന്നും അദ്ദേഹം ചോദിച്ചു. സോൺടയ്ക്ക് കരാർ നൽകുന്നതിൽ ബി.ജെ.പി കൗൺസിലർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കോടികളുടെ അഴിമതി ലക്ഷ്യമിട്ടുള്ള നടപടികളാണ് ഭരണസമിതി നടത്തുന്നത്. ഇനിയും ഇത്തരത്തിൽ നിയമവിരുദ്ധ നടപടികളുമായി മുൻപോട്ടുപോകാനാണ് കൗൺസിൽ തീരുമാനമെങ്കിൽ ബി.ജെ.പി കടുത്ത പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൗൺസിലർമാരായ സുധ ദിലീപ്, പ്രിയ പ്രശാന്ത് എന്നിവരും പങ്കെടുത്തു.