മൂവാറ്റുപുഴ: പ്ലസ് ടു പരീക്ഷയിൽ നൂറിന്റെ മികവുമായി രണ്ട് മിടുക്കികൾ. കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിലെ രാഖി സുരേഷ്, ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.എസ്. ശ്രുതിമോൾ എന്നിവർ 1200 ൽ 1200 മാർക്കും നേടി. ഇരുവരും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. കഥാരചനയിൽ സംസ്ഥാന ജേതാവായിരുന്ന രാഖി സയൻസ് വിഭാഗത്തിലാണ് മുഴുവൻ മാർക്കും നേടിയത്. അച്ചൻകവല അറുകാ
ക്കൽ എ.എൻ. സുരേഷിന്റേയും സിന്ധുവിന്റേയും മകളാണ്. സഹോദരൻ രാഹുൽ ബംഗളൂരു ഐ.എസ്.ആർ.ഒയിൽ എൻജിനിയറിംഗ് സയന്റിസ്റ്റ് വിഭാഗത്തിൽ ജോലിചെയ്യുന്നു.
ആനിക്കാട് പാറപ്പടവിൽ പി.എ. ശിവൻ - ഉഷ ദമ്പതികളുടെ മകളായ ശ്രുതിമോൾ കൊമേഴ്‌സ് വിഭാഗത്തിലാണ് മുഴുവൻ മാർക്കും നേടിയത്. 9,10 ക്ലാസുകളിൽ സംസ്ഥാനതല പ്രവൃത്തി പരിചയമേളയിൽ പാവ നിർമാണത്തിൽ ജേതാവായ ശ്രുതിമോൾ പ്ലസ് വണ്ണിന് സംസ്ഥാനതലത്തിൽ ഒന്നാമതായിരുന്നു. സി.എയ്ക്കുശേഷം സിവിൽ സർവീസ് നേടുകയാണ് ആഗ്രഹം.