കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിൽ പുതിയ ഗുരുമണ്ഡപം നാടിന് സമർപ്പിക്കാൻ ഒരുങ്ങുന്നു.
നാലു പതിറ്റാണ്ടു മുൻപ് സ്ഥാപിതമായ ശ്രീനാരായണ ഗുരുമന്ദിരം കൊച്ചി മെട്രോയ്ക്ക് വേണ്ടി കഴിഞ്ഞ വർഷം
പൊളിച്ചു മറ്റേണ്ടിവന്നു. അതിന് പകരം കൂടുതൽ പ്രൗഢിയോടെയാണ് പുതിയ മൂന്നുനില മന്ദിരം നിർമ്മിച്ചത്. അവസാനഘട്ടത്തിലാണ് നിർമ്മാണം.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ രൂപീകരിച്ച എസ്.എൻ.ഡി.പി യോഗം തൃപ്പൂണിത്തുറ മേഖലാ കോ ഓർഡിനേഷൻ കമ്മിറ്റി ആണ് പുതിയ ഗുരുമണ്ഡപം നിർമ്മിക്കുന്നത്.
44 വർഷം മുൻപ് പഴയ ഗുരുമന്ദിരത്തിന് സ്ഥലം നൽകിയ ചെട്ടുപറമ്പിൽ കരുണാകരന്റെ ഭാര്യ മല്ലികയും മകൻ സജീവും ചേർന്നാണ് തൊട്ടുചേർന്ന് പുതിയ ഗുരുണ്ഡപത്തിനായി എസ്.എൻ.ഡി.പി യോഗം നടമ ശാഖയ്ക്ക് സമർപ്പണമായി വീണ്ടും സ്ഥലം നൽകിയത്.
ഗുരുവിന്റെ പൂർണകായ പഞ്ചലോഹ വിഗ്രഹം സമർപ്പിക്കുന്നത് പഴയകാല നിർമാണ കമ്മിറ്റി വൈസ് പ്രസിഡന്റ് എരൂർ ചാണയിൽ രാഘവന്റെ പൗത്രൻ സി.ജി ശ്രീകുമാർ ആണ്. എട്ട് അടി ഉയരമുള്ള വിഗ്രഹത്തിന് അഞ്ച് ലക്ഷമാണ് നിർമ്മാണചെലവ്. രാജു തൃക്കാക്കരയാണ് ശില്പി. പുതിയ ഗുരുമണ്ഡപത്തിന്റെ മൂന്നുനിലകളും പൂർത്തിയായി. പ്ലാസ്റ്ററിങ്ങും, ഗോപുരങ്ങളുടെ അലങ്കാര ചിത്രപണികളും പുരോഗമിക്കുകയാണ്.
മൂന്ന് നിലകളിലായി 32 അടിയോളം ഉയരമുള്ള പുതിയ ഗുരു മണ്ഡപം മെട്രോ റെയിലിനും മുകളിൽ എത്തിക്കഴിഞ്ഞു. മണ്ഡപത്തിന്റെ പഞ്ചവർഗ തറയും സോപാന പടികളും കൃഷ്ണശിലയിലാണ്. ക്ഷേത്രശില്പി പാലാ രാജീവൻ ആണ് ശില്പി.
പുതിയ ഗുരുമണ്ഡപത്തോട് ചേർന്ന എരൂർ ഭാഗത്തേയ്ക്കുള്ള റോഡിന്റെ ഇരുവശവും സ്ഥലം എടുത്തു വീതി കൂട്ടി സൗന്ദര്യവത്കരിക്കാനുള്ള നടപടികൾക്കായി കെ.ബാബു എം.എൽ.എയും ഇടപെട്ടിരുന്നു.
യോഗം കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ മഹാരാജ ശിവാനന്ദൻ, ജനറൽ കൺവീനർ എം.ഡി. അഭിലാഷ്, വൈസ് ചെയർമാൻ എൽ. സന്തോഷ്, ചീഫ് കോ ഓർഡിനേറ്റർ അഡ്വ. പി. രാജൻ ബാനർജി,ജോയിന്റ് കൺവീനർ എം.ആർ.സത്യൻ, ട്രഷറർ ഇ.എസ്. ഷിബു തുടങ്ങിയവരാണ് നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.