തൃക്കാക്കര: അറക്കാപ്പ് ആദിവാസികളോട് സർക്കാർ കാണിക്കുന്നത് നീതികരിക്കാനാവത്ത മനുഷ്യാവകാശ ലഘനമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. കേരള ആദിവാസി ഐക്യവേദിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ കഴിഞ്ഞ ദിവസം വകുപ്പു മന്ത്രി അറാക്കപ്പ് പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ തുടർനടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. പിറന്ന മണ്ണും കുടിലുകളും ഉപേക്ഷിച്ച് കാടിറങ്ങി വന്ന ആദിവാസികൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണ്. ഐക്യവേദി പ്രസിഡന്റ് ചിത്ര നിലമ്പൂർ മുഖ്യ പ്രഭാഷണം നടത്തി. ഐക്യവേദി സെക്രട്ടറി കെ.ജി.ബിനു, പി.കെ.പ്രകാശൻ, ഈരുമൂപ്പൻ തങ്കപ്പൻ പഞ്ചൻ, രവി ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു. അറക്കാപ്പ് ആദിവാസികളെ പുനരധിവസിപ്പിക്കുക, വനാവകാശ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.