കൊച്ചി: ജില്ലയിലെ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിര പോരാളിയായി പ്രവർത്തിച്ചിരുന്ന കലൂർ പി.വി.എസ് ആശുപത്രി ലിസി ആശുപത്രിയുടെ കൈവശമായി. ലിസി മാനേജ്മെന്റ് പി.വി.എസിന്റെ ഉടമകളിൽ നിന്ന് ആശുപത്രി വാങ്ങുകയായിരുന്നു. മൂന്നു വർഷമായി അടഞ്ഞു കിടന്നിരുന്ന പി.വി.എസ് കൊവിഡ് ചികിത്സയ്ക്ക് വേണ്ടി കഴിഞ്ഞ വർഷം സർക്കാർ ഏറ്റെടുക്കുകയായിരുന്നു. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിപ്പിച്ച ഈ ചികിത്സാകേന്ദ്രം ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സമാന്തര സംസ്‌കാരംതന്നെ സൃഷ്ടിച്ചു. പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കൊവിഡ് രോഗികളെ ഇവിടെ നിന്ന് മാറ്റിയിരുന്നു. ആലുവ ജില്ലാ ആശുപത്രിയിലും അമ്പലമുകളിലും ബദൽ ചികിത്സാസംവിധാനം ഒരുക്കിയിട്ടുണ്ട്.