മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ മൊബൈൽഫോൺ ചലഞ്ചിനായി പിരിച്ച ലക്ഷങ്ങളുടെ കണക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയോഗത്തിൽ ബഹളം. കണക്ക് അവതരിപ്പിക്കില്ലെന്ന് പ്രസിഡന്റ് മാത്യൂസ് വർക്കി നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷ ബഹളമായി. ഇതോടെ കമ്മിറ്റി കൂടാനാകാതെ പിരിഞ്ഞു.
പഞ്ചായത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽഫോൺ വിതരണം ചെയ്യുന്നതിന് 50ശതമാനം തുക എം.എൽ.എയും 50ശതമാനം തുക പഞ്ചായത്ത് ഭരണസമിതിയും നൽകുവാനാണ് തീരുമാനിച്ചത്. ഇതിനായി പഞ്ചായത്ത് വിഹിതമായ 50ശതമാനം പഞ്ചായത്തിലെ രണ്ട് സ്വകാര്യ കമ്പനികളിൽനിന്ന് വാങ്ങിക്കുവാനും തീരുമാനിച്ചിരുന്നു. എന്നാൽ രണ്ട് സ്വകാര്യ കമ്പനികളിൽ നിന്നടക്കം പഞ്ചയത്തിലെ വിവിധ കമ്പനികളിൽനിന്നും വ്യാപകമായ പണപ്പിരിവാണ് നടത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഒരു വാർഡിലേയ്ക്ക് അഞ്ച് ഫോൺ വച്ച് 22വാർഡുകളിൽ ഫോൺ നൽകണമെന്നായിരുന്നു തീരുമാനം. എന്നാൽ പഞ്ചായത്തിൽ വിതരണം ചെയ്യുന്ന ഫോണുകൾക്ക് എത്ര രൂപ ചെലവുണ്ട്, എത്ര രൂപ പിരിച്ചു എന്നതിന്റെ കണക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഫോൺ ചലഞ്ചിനായി പഞ്ചായത്ത് സ്‌കൂൾ പി.ടി.എകളിൽ നിന്ന് ഗുണഭോക്തൃ വിഹിതമെന്ന പേരിൽ 1500രൂപയും 2000 രൂപയും വാങ്ങിയിട്ടുണ്ടെന്നും സ്വകാര്യ കമ്പനികളിൽ നിന്നും 20ലക്ഷം രൂപ പിരിച്ചെടുത്തെക്കുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതിനാൽ പിരിച്ച തുകയുടെ കണക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കണം. മാത്രമല്ല ഒരു സ്വകാര്യ കമ്പനിയുടെ സിമ്മും മൊബൈൽ ഫോണുമാണ് വിതരണം ചെയ്യുന്നത്. ഇതിലും അഴിമതിയുണ്ടെന്നും വിവിധ കമ്പനികളുടെ സിം ഉപയോഗിക്കുവാൻ കഴിയുന്ന മൊബൈൽ നൽകണമെന്നും പ്രതിപക്ഷ നേതാവ് ഇ.എം.ഷാജി ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് വകുപ്പുതലത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഷാജി പറഞ്ഞു. പ്രതിഷേധത്തിന് മെമ്പർമാരായ പി.എച്ച്. സക്കീർ ഹുസൈൻ, എം.എ. നൗഷാദ്, എ.ടി. സുരേന്ദ്രൻ, ടി.എം. ജലാലുദ്ദീൻ, ഷാജിത മുഹമ്മദാലി, ദീപ റോയി, റജീന ഷിഹാജ്, ബെസി എൽദോ, ജയശ്രീ ശ്രീധരർ എന്നിവർ നേതൃത്വം നൽകി.