തൃക്കാക്കര: അവതാരക രഞ്ജിനി ഹരിദാസിനും അഭിനേതാവ് അക്ഷയ് രാധാകൃഷ്ണനുമെതിരെ തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ എ.സി.പിക്ക് പരാതി നൽകി. തെരുവു നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തിൽ രഞ്ജിനിയുടെ നേതൃത്വത്തിൽ മൃഗസ്‌നേഹികൾ തൃക്കാക്കര നഗരസഭാ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ തന്റെ ചിത്രമടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയിൽ പ്രചാരണം നടത്തുകയാണെന്ന് അജിതാ തങ്കപ്പന്റെ പരാതിയിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും പരാതിയിൽ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ യാർഡിൽ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജികുമാറിനെ പ്രതി ചേർത്ത് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.
പരാതി അടിസ്ഥാന രഹിതമെന്ന് രഞ്ജിനി
നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തിൽ മൃഗസ്‌നേഹികൾക്കൊപ്പം പ്രതിഷേധിക്കുക മാത്രമാണ് ഞാൻ ചെയ്തത്. നഗരസഭാ ചെയർപേഴ്സന്റെ ജാതിയോ മതമോ ഒന്നും എനിക്കറിയില്ല. നഗരസഭാധ്യക്ഷയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഒന്നും സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റ് ചെയ്തിട്ടില്ല.