തൃക്കാക്കര: തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കുരുക്കിട്ട് പിടിച്ച് വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ പ്രതിപക്ഷത്തിനെതിരെയുള്ള ആരോപണങ്ങൾ, ഭരണ പരാജയങ്ങൾ മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു പത്രസമ്മേളനത്തിൽ പറഞ്ഞു. നഗരസഭാ ഭരണം ഉദ്യോഗസ്ഥരുമായി ചേർന്ന് എൽ.ഡി.എഫ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നായ്ക്കളെ കൊന്ന് വിവാദം സൃഷ്ടിച്ചിരിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ ആരോപണം ഉന്നയിച്ചിരുന്നു.
തൃക്കാക്കരയിൽ ഈ ഭരണ സമിതി വന്നതിനു ശേഷം യാതൊരു വിധ വികസന പ്രവർത്തനങ്ങളും നടത്തുന്നില്ല. കൊവിഡ് വ്യാപനം തടയുന്നതിനും,മഴക്കാല പൂർവ്വ ശുചീകരണം നടത്തുന്നതിനും തൃക്കാക്കരയിലെ യു.ഡി.എഫ് ഭരണ സമിതി പരാജയമാണ്. യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് പൊതുമരാമത്ത് വർക്കുകൾക്ക് അനുമതി നൽകുന്നത്. ഇതിനെതിരെ പ്രതിഷേധമുയർത്തിയതാണ് പ്രതിപക്ഷങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് കാരണം. നായ് പിടുത്തകാരുമായി എൽ.ഡി.എഫ് കൗൺസിലർമാർക്ക് യാതൊരു ബന്ധവുമില്ല. ചന്ദ്രബാബു പറഞ്ഞു. എൽ.ഡി.എഫ് കൗൺസിലർമാരായ എം.ജെ ഡിക്സൻ,കെ.എക്സ് സൈമൺ,സുനി കൈലാസൻ,ജയകുമാരി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ കേസ്

തെരുവുനായ്ക്കളെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് നഗരസഭ ജീവനക്കാരനാണെന്ന നായപിടുത്തക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജികുമാർ എ.എമ്മിനെതിരെ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു.