കൊച്ചി: ട്വന്റി 20 ഭരിക്കുന്ന മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിലെ ഭരണ സമിതിയോഗങ്ങൾക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീന ദീപക്ക്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിതാമോൾ, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ നിർദ്ദേശം.

പ്രതിപക്ഷാംഗങ്ങളുടെ ഭീഷണി നിമിത്തം ട്വന്റി 20 ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളിലെയും ഭരണസമിതി യോഗങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റിയോഗങ്ങളും പ്ളാനിംഗ് കമ്മിറ്റി യോഗങ്ങളും വർക്ക് ഗ്രൂപ്പ്, ഗ്രാമസഭാ യോഗങ്ങളും ചേരാൻ കഴിയുന്നില്ലെന്നും മീറ്റിംഗുകൾക്ക് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എതിർകക്ഷികൾ ഈ ആവശ്യത്തെ എതിർത്തു. ഭരണസമിതിയുടെ കാലാവധി അഞ്ചു വർഷമാണ്. ഇക്കാലം മുഴുവൻ പൊലീസ് സംരക്ഷണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും എതിർകക്ഷികൾ വാദിച്ചു. സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങൾ പ്രതിപക്ഷം നടത്താനിടയുണ്ട്. എന്നാൽ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും ഇവർ വ്യക്തമാക്കി. തുടർന്നാണ് യോഗങ്ങളിൽ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് ആശങ്കയുണ്ടെങ്കിൽ പഞ്ചായത്ത് അധികൃതർക്ക് അക്കാര്യം വ്യക്തമാക്കി പൊലീസിനെ സമീപിക്കാമെന്നും പരാതി ലഭിക്കുന്നപക്ഷം പൊലീസ് മതിയായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചത്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാതെ പ്രതിപക്ഷത്തിന് പഞ്ചായത്തിന്റെ നയതീരുമാനങ്ങളെ എതിർത്ത് സമരം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.