boat

തോപ്പുംപടി: ട്രോളിംഗ് നിരോധനം നാളെ രാത്രി അവസാനിക്കുമ്പോൾ കടലിലേക്ക് പോകാൻ അൻപത് ശതമാനം ബോട്ടുകൾ മാത്രം. സംസ്ഥാനത്ത് 3600 മൽസ്യബന്ധന ബോട്ടുകൾ ഉണ്ടെങ്കിലും ഇതിൽ പകുതി മാത്രമേ നാളെ അർദ്ധരാത്രി കടലിലേക്ക് പുറപ്പെടുകയുള്ളൂ. കാരണം വർഷത്തിൽ ബോട്ടുകൾക്ക് നടത്തേണ്ട അറ്റകുറ്റപണികൾ പണമില്ലാത്തതിനാൽ ആരും നടത്തിയിട്ടില്ല. ഡീസലിൻ്റെ വില കുതിച്ച് കയറിയതും ബോട്ടുകാർക്ക് വിനയായി. സാധാരണ ഈ കാലയളവിൽ തരകൻമാരാണ് ഇവരെ സഹായിച്ചിരുന്നത്. എന്നാൽ പല ബോട്ടുകാരും ഇവർക്ക് ലക്ഷങ്ങൾ കടബാധ്യത വരുത്തിയിരിക്കുകയാണ്.വീടിൻ്റെ ആധാരം പണയം വെച്ച് സ്വർണ്ണം പണയപ്പെടുത്തിയുമാണ് കഴിഞ്ഞ കൊവിഡ് കാലത്ത് ബോട്ടുകൾ കടലിൽ ഇറക്കിയത്.ആ ബാധ്യതകൾ നിലനിൽക്കെ അടുത്ത ബാധ്യതയും കൂടി ഏൽക്കാൻ ഇവർക്ക് കെൽപ്പില്ലാത്ത സ്ഥിതിയാണ്.തമിഴ്നാട് ഫൈബർ വള്ളങ്ങൾ നിരോധന കാലത്ത് കേരളക്കരയിൽ എത്തി മീനുകൾ തൂത്തുവാരി കൊണ്ടു പോയതും മൽസ്യ ക്ഷാമത്തിന് കാരണമായിരിക്കുകയാണ്. പെലാജിക് വല ഉപയോഗിച്ചുള്ള മീൻപിടുത്തവും ക്ഷാമത്തിന് കാരണമായി.ഇതിന് കേരള സർക്കാർ പ്രോൽസാഹനം നൽകി വരികയാണെന്ന് തൊഴിലാളികൾ പറയുന്നത്. വർഷത്തിൽ സർക്കാരിലേക്ക് അടക്കേണ്ട നികുതി തുകയായ 26 500 രൂപ പല ബോട്ടുകാർക്കും അടക്കാൻ കഴിഞ്ഞിട്ടില്ല. ഇത് അടമെങ്കിൽ മാത്രമേ അധികാരികൾ ബോട്ട് കടലിൽ ഇറക്കുകയുള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ ഈ നികുതി പണം 3000 രൂപയാണ്. എന്തുകൊണ്ടാണ് കേരളക്കരയിൽ ഈ വൻ തുക ഈടാന്നുന്നത് എന്നാണ് ബോട്ടുകാർ ചോദിക്കുന്നത്. പണം അടച്ചില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദ് ചെയ്യുമെന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്. ജപ്തി നടപടി നേരിടുന്ന പലരും ആത്മഹത്യാ മുനമ്പിലാണ്.കടക്കെണി മൂലം കൊല്ലത്ത് ഒരാൾ ആത്മഹത്യ ചെയ്തിരുന്നു.ഇതോടെ സംസ്ഥാനത്തെ രണ്ടര ലക്ഷം ബോട്ട് ജീവനക്കാരും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പത്ത് ലക്ഷം ജോലിക്കാരും വഴിയാധാരമാകുന്ന സ്ഥിതിയാണ്. നിരോധന കാലത്ത് തമിഴ്നാട്ടിലേക്ക് പോയ ജോലിക്കാരിൽ പകുതി പേർ മാത്രമേ കേരളത്തിൽ തിരിച്ച് എത്തിയിട്ടുള്ളൂ. മറ്റുള്ളവർ അവിടെ തന്നെ പല സ്ഥലങ്ങളിലും മറ്റു ജോലികളിൽ മുഴുകി കഴിഞ്ഞിരിക്കുകയാണ്. ചാളയും അയലയും ആവാസവ്യവസ്ഥയിൽ കേരളതീരം വിട്ടതോടെ ഇനി പ്രതീക്ഷ കിളിമീനിലും കരിക്കാടി ചെമ്മീനിലുമാണ്. കടലമ്മ കനിഞ്ഞാൽ നിരോധനം കഴിഞ്ഞുള്ള ദിനങ്ങൾ ഉൽസവ ലഹരി പ്രതീക്ഷ സ്വപ്നം കാണുകയാണ് തൊഴിലാളികൾ.