pvm
പിറവത്തെ ആരോഗ്യ പ്രവർത്തകരെ നഗരസഭ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഷാൾ അണിയിച്ച് ആദരിക്കുന്നു.

പിറവം: വാക്‌സിൻ വിതരണത്തിൽ ജില്ലയിൽ കൈവരിച്ച നേട്ടം പിറവത്തെ ആരോഗ്യപ്രവർത്തർക്കുകൂടി അവകാശപ്പെട്ടതാണെന്ന് നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം പറഞ്ഞു. കൊവിഡ് വാക്‌സിൻ വിതരണത്തിൽ പിറവം നഗരസഭ ജില്ലയിൽ ഒന്നാമതാണ്. കൊവിഷീൽഡ്‌ ഒന്നാം ഡോസ് വാക്‌സിനെടുത്ത് 84 ദിവസം കഴിഞ്ഞ എല്ലാവർക്കും രണ്ടാംഡോസ് വാക്‌സിൻ വിതരണം പൂർത്തിയായി. നാല്പത്തഞ്ച് വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും കൊവാക്സിൻ രണ്ടാംഡോസ് പൂർത്തീകരിച്ചു. മാതൃകവചം പദ്ധതി (ഗർഭിണികൾക്കുള്ള വാക്‌സിൻ വിതരണം ) പൂർത്തീകരണത്തിലേക്കടുക്കുന്നു. മുഴുവൻ പാലിയേറ്റീവ് രോഗികൾക്കും നേരിട്ടെത്തി വാക്സിൻ നൽകി. പ്രതിദിന വാക്‌സിനേഷൻ, വാക്‌സിനേഷൻ മെഗാക്യാമ്പ്, വാർഡുതല ക്യാമ്പുകൾ തുടങ്ങിയവയിലൂടെ ഇരുപത്തിഅയ്യായിരത്തിനു മുകളിൽ ആളുകൾക്ക് വാക്‌സിൻ നൽകി.

സൂപ്രണ്ട് ഡോ. സുനിൽ ഇലന്തട്ട്, നോഡൽ ഓഫീസർ ഡോ. ജിജോ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് എന്നിവരെ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, ഡെപ്യൂട്ടി ചെയർമാൻ കെ. പി. സലിം എന്നിവർ ആദരിച്ചു. സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറിപ്പോകുന്ന ഡോ. ജിജോക്ക് യാത്രഅയപ്പും നൽകി. ചടങ്ങിൽ ഷൈനി ഏലിയാസ്, എം.എസ്.എം ഐ.ടി.ഐ. ഡയറക്ടർ ഫാ. ജിനോ, തോമസ് മല്ലിപ്പുറം, കൗൺസിലർമാർ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.