കൊച്ചി: കൊച്ചിയിലെ ബസുകൾ ഏതു വഴികളിലൂടെ ഓടണമെന്ന് ഇനി വിദഗ്ദ്ധരായ വിദേശ ഏജൻസികൾ തീരുമാനിക്കും. നിലവിൽ റൂട്ടുകൾ നിശ്ചയിക്കുന്നത് ബസ് ഉടമകളാണ്. ഇനി യാത്രക്കാരുടെ സൗകര്യത്തിനാവും മുൻഗണന. മേനക, പത്മ സ്ഥിരം റൂട്ടുകൾക്ക് പുറമെ മറ്റ് വഴികളിലൂടെയും സ്വകാര്യ ബസുകളെത്തും. തിരക്ക് കുറഞ്ഞ സമയത്ത് ബസിന് പകരം 14-15 സീറ്റുകളുള്ള ടെമ്പോ ട്രാവലർ ഓടും.
ജി.പി.എസ് സ്ഥാപിച്ച വാഹനങ്ങളായതിനാൽ ഓൺലൈൻ ടാക്സി സംവിധാനം പോലെ തങ്ങളുടെ ബസ് എവിടെയെത്തിയെന്ന് യാത്രക്കാർക്ക് കണ്ടുപിടിക്കാം. അതനുസരിച്ച് വീട്ടിൽ നിന്നിറങ്ങാം. സുന്ദരമായ നടക്കാത്ത സ്വപ്നമെന്ന് തള്ളിക്കളയാൻ വരട്ടെ. നഗരത്തിലെ ബസ് റൂട്ടുകളും പൊതുഗതാഗത സംവിധാനവും ശാസ്ത്രീയമായി പുന:സംഘടിപ്പിക്കുന്നതോടെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാവും. കൊച്ചി മെട്രോപ്പോലിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (കെ.എം.ടി.എ) സഹകരണത്തോടെ ബസ് റൂട്ട് പുന:ക്രമീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൊച്ചി കോർപ്പറേഷൻ തുടക്കമിട്ടു. യൂറോപ്യൻ യൂണിയനുമായി ചേർന്നു ഫ്രഞ്ച് വികസന ഏജൻസിയാണ് (എ.എഫ്.ടി ) പദ്ധതിക്ക് കോർപ്പറേഷനെ സഹായിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് ഫണ്ട് നൽകിയതും എ.എഫ്.ടിയാണ്.
മൂന്ന് നഗരങ്ങളിൽ കൊച്ചിയും
അന്തരീക്ഷമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ യൂണിയൻ ആവിഷ്കരിച്ച മൊബിലൈസ് യുവർ സിറ്റി എന്ന പദ്ധതിയുടെ ഭാഗമായാണ് നഗരത്തിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ആഗോളതലത്തിൽ നൂറു പട്ടണങ്ങളെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് കൊച്ചി, കോയമ്പത്തൂർ, ഭുവനേശ്വർ നഗരങ്ങൾ പട്ടികയിൽ ഇടംപിടിച്ചു.
ജനസാന്ദ്രത മാനദണ്ഡം
2011 ലെ കണക്കനുസരിച്ച് കൊച്ചിയിലെ ജനസംഖ്യ 20.1 ലക്ഷമാണ്. ഒരു ലക്ഷം പേർക്ക് നൂറു വാഹനമെന്ന ഏജൻസിയുടെ കണക്കനുസരിച്ച് രണ്ടായിരം വാഹനങ്ങൾ വേണം. കൊവിഡിന് മുമ്പുള്ള കണക്കുകൾ പ്രകാരം ഇവിടെ 1000 സ്വകാര്യ ബസുകളും 400 കെ.എസ്.ആർ.ടി.സി ബസുകളുമാണുള്ളത്. കൂടുതൽ ബസുകൾ ആവശ്യമുണ്ടോ, ഏതൊക്കെ റൂട്ടുകളിലാണ് വേണ്ടത്, റോഡിന്റെ വീതി, തിരക്ക് തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ചാണ് പഠനം നടത്തുന്നത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ ഏജൻസികൾ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. 2022 മാർച്ചിനുള്ളിൽ പദ്ധതിക്ക് രൂപരേഖ നൽകാനുള്ള ഒരുക്കത്തിലാണ് കെ.എം.ടി.എ.
പുതിയ സാദ്ധ്യതകൾ
പൊതുഗതാഗതം ശക്തിപ്പെടും. സ്വകാര്യ ബസ് മേഖലയുടെ വളർച്ചയ്ക്ക് വഴിയൊരുങ്ങും.ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കപ്പെടും. ഒരൊറ്റ ആപ്പിലൂടെ മെട്രോ, ജലമെട്രോ, ഓട്ടോറിക്ഷ,ബസ് തുടങ്ങി വിവിധ യാത്രാമാർഗങ്ങളെ ബന്ധിപ്പിക്കുന്നത് യാത്രക്കാർക്ക് അനുഗ്രഹമാകും
പരിമിതികൾ പരിഹരിക്കും
നിലവിൽ നഗരത്തിലെ ബസ് ഗതാഗതം അശാസ്ത്രിയമാണ്. റൂട്ടുകളുടെ ഘടന, ഫെയർസ്റ്റേജ്, സർവീസ് ലഭ്യത തുടങ്ങിയ വിഷയങ്ങളിൽ പരിമിതകളുണ്ട്. മൊബിലൈസ് യുവർ സിറ്റി പദ്ധതിയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം
അഡ്വ.എം. അനിൽകുമാർ
മേയർ, കൊച്ചി