മുളന്തുരുത്തി: പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ലക്ഷ്മിക്കും പ്ലസ് ടു വിദ്യാർത്ഥിനിയായ പാർവതിക്കും ഇവരുടെ ജീവിതമാർഗ്ഗമായ ചായക്കടയിലേക്ക് ഇനി സ്വന്തം സൈക്കിളിൽ പോകാം. ഇവരുടെ ദുരിതം മനസ്സിലാക്കിയ സി.പി.എം പ്രവർത്തകരാണ് സുമനസ്സുകളുടെ സഹായത്തോടെ രണ്ടു പെൺകുട്ടികൾക്കും ഓരോ സൈക്കിൾ വീതം സമ്മാനിച്ചത്. ഇവരുടെ പിതാവ് നേരത്തെ തന്നെ രോഗബാധിതനായി ചികിത്സയിലാണ്. തുടർന്ന് അമ്മ ഇന്ദിര കടയുടെ ചുമതല ഏറ്റെടുത്തു. സഹായികളായി പെൺകുട്ടികളും എത്തിയിരുന്നു. എന്നാൽ ഏതാനും മാസം മുൻപ് അമ്മയ്ക്കും കാൻസർ ബാധിച്ചതോടെ ഈ പെൺകുട്ടികൾ കടയുടെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. പുലർച്ചെ കിലോമീറ്ററുകൾ നടന്നാണ് ഇവർ കടയിൽ എത്തിയിരുന്നത്. തുടർന്നാണ് സി.പി.എം സഹായവുമായെത്തിയത്.
ഇന്ദിരയുടെ ചികിത്സയ്ക്കും എല്ലാവിധ പിന്തുണയും ഇവർ നൽകിയിട്ടുണ്ട്. സി.പി.എം മുളന്തുരുത്തി ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.സി.ഷിബു ഇരുവർക്കും സൈക്കിൾ കൈമാറി. സി. കെ റെജി അദ്ധ്യക്ഷനായിരുന്നു. ലോക്കൽ സെക്രട്ടറി പി എൻ പുരുഷോത്തമൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. എ.ജോഷി, പി.ഡി.രമേശൻ, എൻ.കെ.സ്വരാജ്, പി.എസ്. പ്രവീൺ കുമാർ, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ലിജോ ജോർജ് തുടങ്ങിയവർ സംസാരിച്ചു.