മൂവാറ്റുപുഴ: അന്തർദേശീയ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിന്റെ പ്രവേശനകവാടമായ മൂവാറ്റുപുഴ നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ നഗരസൗന്ദര്യവത്കരണ പദ്ധതിക്ക് രൂപംനൽകി. നഗരസഭാ കൗൺസിലും പരിസ്ഥിതി കൂട്ടായ്മയായ പണ്ടപ്പിളളി ട്രീയും (ടീം ഫോർ റൂറൽ ഇക്കോളജിക്കൽ ഇക്യുലിബ്രിയം) സംയുക്തമായാണ് നഗരസൗന്ദര്യവത്കരണം യാഥാർത്ഥ്യമാക്കുന്നത്. ആഗസ്റ്റ് ഒന്നിന് പദ്ധതി പ്രവർത്തനത്തിന് തുടക്കംകുറിക്കും. സംസ്ഥാനത്തെ തന്നെ മാതൃകാ നഗരമാക്കി മൂവാറ്റുപുഴയെ മാറ്റുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസും ട്രീ കോ ഓർഡിനേറ്റർ അഡ്വ. ദീപു ജേക്കബും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന ആയിരങ്ങളുടെ ഇടത്താവളം കൂടിയാണ് മുവാറ്റുപുഴ നഗരം. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്നവരെ ആകർഷിക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.
പദ്ധതി സൗജന്യമായി നടപ്പാക്കുന്നത് ട്രീ
നഗരസഭയുടെ മേൽനോട്ടത്തിൽ ട്രീയാണ് പൂർണമായും പദ്ധതി സൗജന്യമായി നടപ്പാക്കുന്നത്. പൊതുമരാമത്ത്, പൊലീസ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സഹകരണവും ഉണ്ടാകും. ആദ്യഘട്ടമെന്ന നിലയിൽ നഗരത്തിലെ മുഴുവൻ മീഡിയനുകളിലും പുൽത്തകിടികളും ചെടികളുംവച്ച് പിടിപ്പിക്കും. ലോകോത്തര ശ്രദ്ധ നേടിയിട്ടുള്ള മെക്സിക്കൻ ഗ്രാസാണ് ഉപയോഗിക്കുന്നത്. മീഡിയനുകളുടെ
അറ്റകുറ്റപ്പണികൾ നടത്തും. തകർന്നുകിടക്കുന്ന കമ്പിവേലികൾ നീക്കം ചെയ്യും. മീഡിയനിലെ മണ്ണ് നീക്കംചെയ്ത് പുല്ലുവളരുന്നതിന് അനുയോജ്യമായത് പുന:സ്ഥാപിക്കും. നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതും കാൽനട കാൽനടയാത്രക്കാർക്ക് ഭീഷണിയുയർത്തുന്നതുമായ കേബിളുകൾ, പോസ്റ്റുകൾ തുടങ്ങിയവ നീക്കംചെയ്യും. അനധികൃതമായി മീഡിയനിലും വൃക്ഷങ്ങളിലും സ്ഥാപിച്ചിട്ടുള്ള മുഴുവൻ പരസ്യബോർഡുകളും ഒഴിവാക്കും. പദ്ധതിയുടെ ഭാഗമായി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും പൂച്ചെടികൾ നട്ടുവളർത്തി മനോഹരമാക്കുമെന്നും അസോസിയേഷൻ ഓഫീസ് പരിസരം മനോഹരമാക്കുമെന്നും പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ അറിയിച്ചിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. അഞ്ചുവർഷത്തേക്ക് പദ്ധതിയുടെ പരിപാലനവും ട്രീ സൗജന്യമായി ഉറപ്പാക്കും.
വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എം. അബ്ദുൾ സലാം, രാജശ്രീ രാജു, അജിമോൻ അബ്ദുൾ ഖാദർ, നിസ അഷറഫ്, ജോസ് കുര്യാക്കോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.