kk

കോതമംഗലം: പ്രണയനൈരാശ്യത്തിൽ യുവാവ് ബി.ഡി.എസ് അവസാന വർഷ വിദ്യാർത്ഥിനിയെ വാടകവീട്ടിൽ അതിക്രമിച്ചുകയറി വെടിവച്ചുകൊന്ന ശേഷം സ്വയം വെടിവച്ചു മരിച്ചു. ഇന്നലെ പകൽ മൂന്നിന് കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിൽ ഹൗസ് സർജനായ കണ്ണൂർ നാറാത്ത് രണ്ടാം മൈലിൽ പാർവണത്തിൽ വിമുക്തഭടനായ പി.വി. മാധവന്റെയും അദ്ധ്യാപികയായ സബീനയുടെയും മകൾ പി.വി. മാനസ (24), കണ്ണൂർ പാറയാട് മേലൂർ രാഹുൽ നിവാസിൽ രഘൂത്തമന്റെയും രജിതയുടെയും മകൻ രഗിൽ (31) എന്നിവരാണ് മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരിചയപ്പെട്ടത്.

കോളേജി​ന് തൊട്ടടുത്തു തന്നെ പെരി​യാർ വാലി​ കനാലിനരി​കി​ലെ കാപ്പുചാലി​ൽ യൂസഫി​ന്റെ വീടി​നോടു ചേർന്നുള്ള കെട്ടി​ടത്തി​ന്റെ ഒന്നാം നി​ലയി​ൽ പേയിംഗ് ഗസ്റ്റുകളായി​ താമസി​ക്കുകയായി​രുന്ന മാനസയും പൂജ, ഫാത്തി​മ, കെസി​യ എന്നിവരും. ഇവർ ഉൗണുകഴി​ച്ചുകൊണ്ടി​രി​ക്കെ അപ്രതീക്ഷി​തമായി​ കയറി​വന്ന രഗി​ൽ മാനസയെ പി​ടി​ച്ചുവലി​ച്ച് തൊട്ടടുത്തുള്ള മുറി​യി​ൽ കയറ്റി​ കുറ്റി​യി​ട്ടു. പരി​ഭ്രമി​ച്ച കൂട്ടുകാരി​കൾ യൂസഫി​ന്റെ വീട്ടുകാരെ വി​ളി​ക്കാൻ ഓടി​യി​റങ്ങി​യപ്പോഴേക്കും വെടി​യൊച്ചകൾ കേട്ടു.

നി​ലവി​ളി​ കേട്ട് ഓടി​യെത്തി​യ യൂസഫി​ന്റെ മകൻ അൻവർഷായും സമീപവാസി​കളും വാതി​ൽ ചവി​ട്ടി​പ്പൊളി​ച്ചപ്പോൾ ഇരുവരും രക്തത്തി​ൽ കുളി​ച്ച് കി​ടക്കുകയായി​രുന്നു. രണ്ട് ഓട്ടോറി​ക്ഷകളിൽ ഇരുവരെയും കോതമംഗലം മാർ ബസേലി​യോസ് ആശുപത്രി​യി​ലെത്തി​ച്ചപ്പോഴേക്കും മരി​ച്ചു.

മാനസയുടെ ഇടതുചെവി​യുടെ പി​ന്നി​ലും വയറി​ന് താഴെയുമാണ് വെടി​യേറ്റത്. തല തുളച്ച് വെടി​യുണ്ട പുറത്തേക്ക് പോയി​. രഗിലി​ന്റെ വലതുചെവി​ക്ക് മുകളി​ൽ തറച്ച വെടി​യുണ്ടയും മറുവശത്ത് കൂടെ പുറത്തേക്ക് പോയി​. രണ്ട് വെടി​യുണ്ടകൾ മുറി​യി​ൽ നി​ന്ന് ലഭി​ച്ചു.

സംഭവം നടന്ന വീടി​ന് മുപ്പത് മീറ്ററോളം മാറി​യുള്ള കടയുടെ മുകളി​ലെ മുറി​യി​ൽ ജൂലായ് നാലു മുതൽ രഗിൽ താമസി​ക്കുന്നുണ്ടായിരുന്നു. ഇക്കാര്യം മാനസ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. പ്ളൈവുഡ് കമ്പനി​ ജീവനക്കാരനെന്നു പറഞ്ഞാണ് നൂറുദ്ദീൻ എന്നയാളുടെ കെട്ടി​ടത്തിലെ മുറി​ വാടകയ്ക്കെടുത്തത്. നാല് ദി​വസത്തി​ന് ശേഷം പോയ ഇയാൾ തി​ങ്കളാഴ്ചയാണ് മടങ്ങി​യെത്തി​യത്. തോക്ക് സംഘടി​പ്പി​ക്കാൻ പോയതാണെന്നാണ് പൊലീസ് നി​ഗമനം.

എറണാകുളം റൂറൽ എസ്.പി​ കെ. കാർത്തി​ക്, മൂവാറ്റുപുഴ ഡി​വൈ.എസ്.പി​. മുഹമ്മദ് റി​യാസ്, കോതമംഗലം എസ്.എച്ച്.ഒ പി.എസ്. വി​ബി​​ൻ എന്നി​വരുടെ നേതൃത്വത്തി​ൽ പൊലീസ് സംഘം സ്ഥലത്തെത്തി​. ഫോറൻസി​ക് വി​ദഗ്ദ്ധരും പരി​ശോധന നടത്തി. ഇന്ന് ബാലി​സ്റ്റി​ക് വി​ദഗ്ദ്ധരെത്തും.

മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലി​യസ് ആശുപത്രി​ മോർച്ചറി​യി​ലാണ്. ഇന്ന് ഇൻക്വസ്റ്റി​ന് ശേഷം കളമശ്ശേരി​ മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ൽ പോസ്റ്റ്മോർട്ടം നടത്തും.