കൊച്ചി: ലക്ഷദ്വീപിൽ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ സുഹേലി ദ്വീപ് സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സുഹേലി കൂടാതെ മിനിക്കോയി, കടമത്ത്, ബംഗാരം ദ്വീപുകളിലും 300 കോടിയുടെ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഏഴു ദിവസത്തെ സന്ദർശനത്തിന് എത്തിയ അഡ്മിനിസ്ട്രേറ്റർ ഇന്ന് ദ്വീപിൽ നിന്ന് മടങ്ങുമെന്നും സൂചനയുണ്ട്. നാളെ മടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
അതേസമയം, അഡ്മിനിസ്ട്രേറ്ററുടെയും ദ്വീപിന്റെയും സുരക്ഷയ്ക്കായി കൂടുതൽ കേന്ദ്രസേന എത്തി. 90 സേനാംഗങ്ങളാണ് കപ്പൽമാർഗം ദ്വീപിലെത്തിയത്. കവരത്തിയിലെ ജൂനിയർ ബേസിക്ക് സ്കൂളിലാണ് തമ്പടിച്ചിരിക്കുന്നത്. ഇവരെ ഓരോ ദ്വീപുകളിലേക്ക് നിയോഗിക്കും. കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ഇന്ന് കരിദിനം ആചരിക്കും
അഡ്മിനിസ്ട്രേറ്ററുമായി നടത്തിയ ചർച്ച ഫലം കാണാത്തതിനാൽ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് ലക്ഷദ്വീപിൽ കരിദിനം ആചരിക്കും. രാവിലെ 9.30 മുതൽ 10.30 വരെ നടത്തുന്ന പ്രതിഷേധത്തിൽ ദ്വീപുവാസികൾ കറുത്ത വസ്ത്രവും കറുത്ത മാസ്ക്കും ധരിച്ചും കരിങ്കൊടി കെട്ടിയും വീടുകളിൽ പ്രതിഷേധിക്കും. തന്റെ തീരുമാനങ്ങൾ ദ്വീപിൽ നടപ്പിലാക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ പറഞ്ഞതിനാൽ ചർച്ചയിൽ പൂർണ തൃപ്തരല്ലെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു.