കൊച്ചി: സ്ത്രീധനമായി കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിലായി. പച്ചാളം ഇരട്ടക്കുളങ്ങര റോഡ് പനച്ചിക്കൽ വീട്ടിൽ ജിപ്‌സൺ(31), പിതാവ് പീറ്റർ (58) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ വ്യാഴാഴ്ച രാത്രിയിലാണ് പിടികൂടിയത്. ജിപ്‌സണിന്റെ മാതാവ് ജൂലിയെയും ഉടൻ അറസ്റ്ര് ചെയ്യുമെന്ന് നോർത്ത് എസ്.എച്ച്.ഒ സിബി ടോം പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും പീഡിപ്പിച്ചതായി ചളിക്കവട്ടം സ്വദേശിനി ഡയാന കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.
പരാതിയിൽ നടപടിയുണ്ടായില്ലെന്ന ആരോപണവുമായി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വനിതാ കമ്മിഷൻ അംഗ ഷിജി ശിവജി യുവതിയ വീട്ടിലെത്തി സന്ദർശിക്കുകയും പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വനിതാ കമ്മിഷന്റെ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടിയതിനു പിന്നാലെയാണ് അറസ്റ്റ്.
സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചെന്നും അന്വേഷിക്കാനെത്തിയ പിതാവിന്റെ കാൽ ഭർതൃവീട്ടുകാർ തല്ലിയൊടിച്ചെന്നും ഡയാന ജൂലായ് 18നാണ് ആദ്യം നോർത്ത് പൊലീസിൽ പരാതി നൽകിയത്. ഡയാനയുടെ പിതാവിന്റെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ മാത്രമേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തുള്ളൂ. ഇതിൽ ജിപ്സണെയും പീറ്ററിനെയും അറസ്റ്ര് ചെയ്ത് ജാമ്യത്തിൽ വിട്ടു. സംഭവം വിവാദമായതോടെ 23ന് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസ് എടുക്കുകയായിരുന്നു.