കുറുപ്പംപടി : ജാതിവിവേചനം ഗുരുദേവദർശനങ്ങൾക്കെതിരാണെന്നും, ശബരിമല മേൽശാന്തി നിയമനത്തിൽ അബ്രാഹ്മണ അപേക്ഷകൾ നിരസിച്ചത് കടുത്ത അനീതിയാണെന്നും എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണൻ പറഞ്ഞു. ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിവിവേചനത്തിനെതിരെ വൈദികയോഗം കുന്നത്തുനാട് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ നാമജപ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ ഗുരുമണ്ഡപത്തിൽ നിന്ന് പ്രാർത്ഥനയോടെ ആരംഭിച്ച നാമജപ പ്രതിഷേധറാലി പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുന്നിൽ സമാപിച്ചു. പ്രതിഷേധയോഗത്തിൽ വൈദികയോഗം യൂണിയൻ പ്രസിഡന്റ് എ.പി. നൗഷാദ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രസംഗം നടത്തി. വൈദികയോഗം യൂണിയൻ സെക്രട്ടറി ഇടവൂർ ടി.വി ഷിബു ശാന്തി നേതൃത്വം നൽകി. വൈദികയോഗം യൂണിയൻ നേതാക്കളായ എൻ.വി. ഷാജി ശാന്തി, മണിക്കുട്ടൻ ശാന്തി എന്നിവർ സംസാരിച്ചു.