നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പുകാർ നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തു. ജോലിക്ക് മുൻപുള്ള വൈദ്യപരിശോധനയുടെയും മറ്റും പേരുപറഞ്ഞാണ് പണം വാങ്ങി മുങ്ങിയത്.

ഓൺലൈൻ പരസ്യ വെബ്‌സൈറ്റിലൂടെ നടത്തുന്ന തട്ടിപ്പിനായി സിയാലിന്റെ വ്യാജ ലെറ്റർപ്പാഡും തട്ടിപ്പുസംഘം ഉപയോഗിക്കുന്നുണ്ട്. കൊച്ചി വിമാനത്താവളത്തിൽ ഡ്രൈവർ റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന പേരിൽ ഓൺലൈൻ പരസ്യ വെബ്‌സൈറ്റിലാണ് പരസ്യം നൽകിയത്. 30,000 രൂപ വരെ ശമ്പളവും വാഗ്ദാനം ചെയ്തു. അപേക്ഷ നൽകിയാൽ വൈകാതെ വിമാനത്താവളത്തിലെ എച്ച്.ആർ. മാനേജർ എന്ന പേരിൽ വാട്ട്‌സ് ആപ്പിൽ സന്ദേശമെത്തും. ജോലിക്കാവശ്യമായ രേഖകൾ ഇമെയിൽ വഴി അയക്കാൻ ആവശ്യപ്പെടും. തുടർന്ന് അപേക്ഷാ ഫീസ് ഇനത്തിൽ 1050 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇത് ലഭിച്ചു കഴിഞ്ഞാൽ സിയാലിന്റെയും വിമാനത്താവള അതോറിറ്റിയുടെയും വ്യാജ ലെറ്റർപാഡിൽ, ജോലി ലഭിച്ചു എന്നറിയിച്ച് ഇമെയിൽ സന്ദേശമെത്തും.
ഉടൻ ജോലിയിൽ പ്രവേശിക്കണമെന്നും ഇതിനായി വൈദ്യപരിശോധനയ്ക്കും കൊവിഡ് പരിശോധനയ്ക്കും മറ്റുമായി 3250 രൂപ വേണമെന്നും ആവശ്യപ്പെടും. പിന്നാലെ സംഘം ജോലി ബോണ്ട് അടിസ്ഥാനത്തിലാണെന്നും 18,000 രൂപ കൂടി അടയ്‌ക്കണമെന്നും ആവശ്യപ്പെടും. പണം നൽകിയാൽ പിന്നെ സംഘത്തെ കുറിച്ച് വിവരമുണ്ടാകില്ല.
കൊവിഡ് കാലമായതിനാൽ നേരിട്ടുള്ള അഭിമുഖവും പരീക്ഷയുമൊന്നുമില്ലെന്ന് ഉദ്യോഗാർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിക്കാനും തട്ടിപ്പ് സംഘത്തിന് സാധിക്കുന്നുണ്ട്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ നിയമനത്തിനായി യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും ഇത്തരം തട്ടിപ്പുകളിൽപ്പെട്ട് വഞ്ചിതരാകാതിരിക്കാൻ ഉദ്യോഗാർഥികൾ ശ്രദ്ധിക്കണമെന്നും സിയാൽ അധികൃതർ പറഞ്ഞു.