തൃക്കാക്കര: കാക്കനാട് പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് കേരള (വി.എഫ്.പി.സി.കെ) യിലെ താൽക്കാലിക ജീവനക്കാരൻ ഡീസൽ വാങ്ങിയതിൽ തിരിമറി നടത്തി അര ലക്ഷത്തോളം രൂപ തട്ടിയതായി പരാതി. താൽക്കാലിക ജീവനക്കാരനായിരുന്ന മനോജിനെതിരെ ഇതു സംബന്ധിച്ച് ഫിനാൻസ് ഡയറക്ടർ തൃക്കാക്കര പൊലീസിൽ പരാതി നൽകി.
പെട്രോൾ പമ്പുകാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ പെട്രോൾ കാർഡ് ഉപയോഗിക്കുന്നതിന്റെ പകുതി ഇന്ധനം മാത്രമേ വാഹനത്തിൽ നിറയ്ക്കാറുളളൂ. ബാക്കി പണമായി പമ്പുകാരുടെ സഹായത്തോടെ കീശയിലാക്കുകയാണ് പതിവ്. സി.സി.ടി.വിയില്ലാത്ത പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചാണ് വെട്ടിപ്പ് നടത്തിയതെന്നാണ് സൂചന. കൂടുതൽ പരിശോധന നടത്തിയാലാണ് വെട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാനാവൂ.