വൈപ്പിൻ / തോപ്പുംപടി: 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കുമെങ്കിലും കടുത്ത ആശങ്കയിലും നിരാശയിലുമാണ് തൊഴിലാളികൾ. കൊവിഡ് നിയന്ത്രണം മുതൽ മത്സ്യലഭ്യതക്കുറവും പെരുകുന്ന ചെലവും വരെ മത്സ്യമേഖലയെ ബാധിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. പ്രതിഷേധിച്ച് ഒരുവിഭാഗം മത്സ്യബന്ധനത്തിൽ നിന്ന് വിട്ടുനിൽക്കാനും നീക്കം തുടങ്ങി.
മുനമ്പം, മുരിക്കുംപാടം, വൈപ്പിൻ, തോപ്പുംപടി ഹാർബറുകളിൽ നിന്ന് ആയിരത്തോളം ബോട്ടുകളാണ് ഇന്ന് അർദ്ധരാത്രിക്ക് ശേഷം കടലിൽ ഇറങ്ങുന്നത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് മത്സ്യബന്ധനത്തിന് ഫിഷറീസ് വകുപ്പും പൊലീസും അനുവാദം നൽകുന്നത്. കടലിൽ പോകുന്നവർ, കച്ചവടക്കാർ, അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് പാസുകളും തിരിച്ചറിയൽ കാർഡുകളും നൽകുന്നുണ്ട്.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് സ്ഥലംവിട്ട അന്യസംസ്ഥാനക്കാരെല്ലാം തിരിച്ചെത്തി. വലകൾ, ഐസ് തുടങ്ങിയവ ബോട്ടുകളിൽ കയറ്റിത്തുടങ്ങി. പമ്പുകളിൽ ഡീസൽ നിറയ്ക്കാൻ കാത്തുകിടപ്പാണ് ബോട്ടുകൾ.
സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ബോട്ടുകളും കരയിൽ കെട്ടിയിടും. 650 ഓളം ബോട്ടുകളുള്ള കൊച്ചി ഹാർബറിൽ നിന്ന് 100ൽ താഴെ ബോട്ടുകളേ കടലിലിറൂ. കാളമുക്ക്, മുനമ്പം മേഖലയിൽ നിന്ന് 50 ബോട്ടുകളും പോകും.
26,500 രൂപയാക്കി വർദ്ധിപ്പിച്ച ലൈസൻസ് ഫീസിനായി ജപ്തിയും രജിസ്ട്രേഷൻ റദ്ദാക്കലുമടക്കമുള്ള ശിക്ഷാ നടപടികളുടെ ഭീഷണിയിലാണ് ബോട്ടുടമകൾ. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഹാർബറിലെ ഒത്തുചേരൽ, ലേലം, മത്സ്യനീക്കം എന്നിവയ്ക്ക് പിഴ ഈടാക്കുമോയെന്ന ആശങ്കയുമുണ്ട്.