കൊച്ചി: കാക്കനാട് തെരുവു നായ്ക്കളെ കൊന്നു കുഴിച്ചുമൂടിയ കേസിൽ മുൻകൂർ ജാമ്യം തേടി തൃക്കാക്കര നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വൈക്കം വടയാർ സ്വദേശി എ.എം. സജികുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസിലെ അഞ്ചാം പ്രതിയാണ് സജികുമാർ. ഒരുവർഷം കൊണ്ട് 100 ലേറെ തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച് കൊന്ന് മാലിന്യം നിക്ഷേപിക്കുന്ന യാർഡിൽ കുഴിച്ചിട്ടെന്നാണ് കേസ്. തൃക്കാക്കര നഗരസഭ ചെയർമാൻ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തെരുവുനായ്ക്കളെ കൊല്ലാൻ തീരുമാനിച്ചതെന്നും തനിക്കു പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.