മൂവാറ്റുപുഴ: ഗ്രാമപ്രദേശങ്ങളിൽ പോത്ത് വളർത്തൽ വ്യാപകമാകുന്നു. പോത്ത് വളർന്ന് ശരീരതൂക്കം കൂടും തോറും കിട്ടുന്ന ആദായവും വളരുമെന്നതാണ് ഈ മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കാരണം. ക്ഷമയോടെ പരിപാലിച്ച് വളർത്തിയാൽ ഒന്നര വർഷത്തിനകം നല്ലൊരു തുക ആദായമായി ലഭിക്കും. പരിമിത സൗകര്യങ്ങളിൽ വളർത്താമെന്നതും തീറ്റച്ചെലവ് ഉൾപ്പെടെ കുറവാണെന്നതും കാര്യമായ രോഗങ്ങളൊന്നും പിടിപെടില്ലെന്നതും പോത്ത് വളർത്തലിന് അനുകൂല ഘടകമാണ്. കേരളത്തിൽ പോത്ത് മാംസത്തിന് വലിയ വിപണിയാണ് .മാംസാവശ്യത്തിനുള്ള ഉരുക്കളിൽ ഏറിയ പങ്കുമെത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ്. അഞ്ച് മാസം പ്രായമെത്തിയ മികച്ച ആരോഗ്യമുള്ള നല്ല ഇനത്തിൽപ്പെട്ട പോത്തു കിടാങ്ങളെയാണ് വളർത്തുന്നതിനായി വാങ്ങുന്നത്. മുറായിനത്തിൽപ്പെട്ട കിടാക്കളെയോ, മുറ പോത്തുകളുമായി ക്രോസ് ചെയ്ത് ഉണ്ടായ നല്ല ശരീരവളർച്ചയുള്ള സങ്കരയിനം പോത്തിൻ കുട്ടികളെയോ വളർത്താനായി തെരഞ്ഞെടുക്കുന്നു. പഞ്ചാബിൽ നിന്നുള്ള നീലിരവി, ഗുജറാത്തിൽ നിന്നുള്ള ജാഫറാബാദി, സുറത്തി, മുറയെയും സുറത്തിയെയും തമ്മിൽ ക്രോസ് ചെയ്തുണ്ടാക്കിയ മെഹ്സാന, ആന്ധ്രയിൽ നിന്നുള്ള ഗോദാവരി തുടങ്ങിയ പോത്തിനങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ എത്തുന്നുണ്ട്.
എണ്ണക്കറുപ്പ് നിറമുള്ള മേനി മറ്റ് പോത്ത് ജനുസുകളെ അപേക്ഷിച്ച് രോമവളർച്ച കുറവുള്ളതും കൂടുതൽ മിനുസമുള്ളതുമായിരിക്കും. അത്യുൽപാദനശേഷിയുള്ള പശുക്കൾക്കും എരുമകൾക്കും ഒരുക്കുന്ന രീതിയിലുള്ള വിപുലവും ആധുനികവുമായ തൊഴുത്തുകളൊന്നും പോത്തുകൾക്ക് വേണ്ടതില്ല. ബലിപെരുന്നാളിന് ബലിയ്ക്കായി ഗ്രാമപ്രദേശങ്ങളിലെ വളർത്തുന്ന പോത്തുകൾക്ക് ഇക്കുറി നല്ല വിലയാണ് ലഭിച്ചത്. കൊവിഡ് മഹാമാരിയുടെ ദുരിത കാലത്ത് പോത്തു വളർത്തൽ കൊണ്ട് അല്ലലില്ലാതെ ജീവിച്ചവർ നിരവധിയാണെന്ന് കച്ചവടക്കാരനായ ബി.എ.കരീം പറഞ്ഞു. പോത്തുകൾക്ക് മികച്ച വില ലഭിക്കുന്നതിനാൽ ഇക്കുറി പോത്ത് കിടാങ്ങൾക്ക് ആവശ്യക്കാർഏറെയാണന്നും കരീം കൂട്ടിച്ചേർത്തു.
കൂട്ടത്തിൽ കേമൻ മുറ
ചെറിയ തല, വിസ്താരമുള്ള ഉയർന്ന നെറ്റിത്തടം, നീണ്ട് തടിച്ച കഴുത്ത്, പാർശ്വങ്ങളിലേക്ക് നീണ്ട കട്ടി കുറഞ്ഞ ചെവികൾ, പിന്നോട്ടും മുകളിലോട്ടും വളർന്ന് അറ്റം മോതിരവളയം പോലെ അകത്തോട്ട് ചുരുണ്ട അർദ്ധവൃത്താകൃതിയിലുള്ള പരന്ന് കുറുകിയ കൊമ്പുകൾ , നല്ല ഉടൽ നീളമുള്ള തടിച്ച് കോണാകൃതിയിലുള്ള ശരീരം, നിലത്തറ്റം മുട്ടുമെന്ന് തോന്നിക്കുന്നത്ര നീളമുള്ള വാൽ, ഇടതൂർന്ന് വളർന്ന വാലറ്റത്തെ രോമാവരണം എന്നിവയെല്ലാമാണ് ലക്ഷണമൊത്ത ഒരു മുറ പോത്തിന്റെ ശരീര സവിശേഷതകൾ. മുറയുടേത് പോലെ തന്നെ ഓരോ പോത്തിനങ്ങൾക്കും അവയെ തിരിച്ചറിയുന്നതിനായി തനത് ശാരീരിക പ്രത്യേകതകളും അടയാളങ്ങളും ഉണ്ട്. എന്നാൽ ഈ പോത്തിനങ്ങൾക്കൊന്നും വളർച്ചനിരക്കിലും രോഗപ്രതിരോധശേഷിയിലും കാലാവസ്ഥാ അതിജീവനശേഷിയിലും മുറയെ വെല്ലാനാവില്ല.